തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ്
കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്താനാണ് തീരുമാനം. കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും ചികിൽസാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിന്‍റെ വ്യാപനം വേഗത്തിലാണ്. വ്യാഴാഴ്ച നാലായിരമായിരുന്നു പ്രതിദിന കേസുകൾ ഇന്നലെ അയ്യായിരം കടന്നു. പ്രതിദിന കേസുകൾ പതിനായിരത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. രോഗവ്യാപനം
തടയാൻ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ക്രഷിങ് ദ കർവ് കർമ്മ പദ്ധതിയിലൂടെ 45 വയസ്സ് കഴിഞ്ഞ പരമാവധി പേരെ വാക്സിനേഷന്‍റെ ഭാഗമാക്കും. ഇതിനായി തദ്ദേശതലത്തിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തും. വാർഡ് തലത്തിലും റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലും ക്യാമ്പുകൾ ഉണ്ടാകും.
നിലവിൽ 1,317 സർക്കാർ കേന്ദ്രങ്ങളിലും 413 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിൻ നൽകുന്നത്. 45 കഴിഞ്ഞ 30 ലക്ഷത്തോളം പേർ വാക്സിൻ ഇതുവരെ സ്വീകരിച്ചു കഴിഞ്ഞു. 80 ലക്ഷത്തിലേറെ പേർക്ക് ഇനി വാക്സിൻ നൽകേണ്ടണ്ടതുണ്ട്. വാക്സിനേഷന് സമാന്തരമായി കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും ആവശ്യാനുസരണം ചികിൽസാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. കൂടുതൽ ഐസിയു കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here