പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ്; പത്തു ദിവസത്തിനകം മാറ്റാത്തപക്ഷം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം
കൊച്ചി: പത്തു ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോര്‍ഡും കൊടിതോരണങ്ങളും ബാനറുകളും മാറ്റാത്തപക്ഷം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവായി.
കുറ്റവാളികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകി സർക്കുലർ പുറപ്പെടുവിക്കാൻ കോടതി ഡി.ജി.പിക്ക് നിർദേശം നൽകി. കറ്റാനത്തെ ദേവാലയത്തിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പൊതുതാല്പര്യ ഹരജിയാക്കി പരിഗണിച്ചാണ് ഉത്തരവ്.
അനധികൃത ഫ്ലക്സ് ബോര്‍ഡും കൊടിയും ബാനറും 10 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് കോടതി നിർദേശം നൽകി. 10 ദിവസത്തിന് ശേഷവും നീക്കം ചെയ്യാതെ ബോർഡും ബാനറും ഉണ്ടെങ്കിൽ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കും ഉത്തരവാദിത്തം. അനധികൃത ബോർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 28ന് കോടതി നിർദേശിച്ച താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കും. ആവശ്യമെങ്കിൽ റിക്കവറി നടപടികളും സ്വീകരിക്കാം. പത്ത് ദിവസത്തിനുശേഷം ജില്ല കലക്ടര്‍മാര്‍ പരിശോധന നടത്തി വേണം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ.
നീക്കം ചെയ്യുന്ന ബോര്‍ഡ് മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിലേക്ക് നീക്കാതെ സ്ഥാപിച്ചവര്ക്കുതന്നെ തിരികെ നല്കി ഫീസും പിഴയും ഈടാക്കണം. ബോര്‍ഡ് തിരികെ നല്‍കിയശേഷം സെക്രട്ടറി നല്കുന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. അനധികൃത ബോര്‍ഡ് നിരോധനം ഉറപ്പാക്കാന്‍ നേരത്തേ നിയമിച്ച രണ്ടു നോഡല്‍ ഓഫിസര്‍മാരും പരാജയപ്പെട്ട സാഹചര്യത്തിൽ ഓരോ ജില്ലയിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാനും നിർദേശിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജനല്‍ ജോയൻറ് ഡയറക്ടര്‍ എന്നിവരായിരിക്കണം നോഡല്‍ ഓഫിസര്‍മാര്‍. ചുമതലയേല്‍ക്കുന്ന നോഡല്‍ ഓഫിസര്‍മാര്‍ മൂന്നു ദിവസത്തിനകം ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും വാട്ട്സ്ആപ്പ് നമ്പറും പരസ്യപ്പെടുത്തുകയും ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കുകയും വേണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here