സമസ്ത മദ്രസകളിൽ 11 മുതൽ ക്ലാസുകൾ തുടങ്ങും
തേഞ്ഞിപ്പലം : സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃതമദ്രസകളിൽ മുതിർന്ന ക്ലാസുകൾ ജനുവരി 11 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ പൊതുപരീക്ഷാ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകളാണ് പ്രവർത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോൾ പൂർണമായും പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായുമായിരിക്കും മദ്രസകൾ പ്രവർത്തിക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്രസകളാണ് സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്നത്. മാർച്ച് 10 മുതൽ മദ്രസകൾ അടഞ്ഞുകിടക്കുകയായിരുന്നു.
മദ്രസകൾ തുറക്കുന്നതിനുമുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണുവിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മദ്രസാകമ്മിറ്റികൾക്ക് നിർദേശം നൽകി. അകലംപാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചുമായിരിക്കണം ക്ലാസുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറൽസെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യർഥിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here