കുറ്റിപ്പുറം സിമന്റ് ഗോഡൗൺ പൊളിച്ചുമാറ്റും; ഓർമ്മയാകുന്നത് കുറ്റിപ്പുറം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കെട്ടിടം
കുറ്റിപ്പുറം : ചരിത്രപ്രാധാന്യമുള്ള കുറ്റിപ്പുറം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സിമന്റ് ഗോഡൗൺ വിസ്മൃതിയിലേക്ക്. തുരുമ്പെടുത്ത് നശിക്കുന്ന ഇരുമ്പ് ഷീറ്റുകൊണ്ടുണ്ടാക്കിയ ഗോഡൗൺ ലേലംചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗം തയ്യാറാക്കിയ വിലനിർണയ റിപ്പോർട്ട് പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസിലെ കെട്ടിടവിഭാഗം അംഗീകരിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ ലേല നടപടികളിലേക്കുള്ള നീക്കങ്ങൾ നടക്കുകയാണ്.
1948-ൽ ആണ് പാലം കരാർ കമ്പനിയായ ചെന്നൈ ആസ്ഥാനമായുള്ള മോഡേൺ ഹൗസിങ് കൺസ്ട്രക്‌ഷൻ ആൻഡ് പ്രോപ്പർട്ടീസ് കുറ്റിപ്പുറം മേലെ അങ്ങാടിയിൽ നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്നതിന്റെ അടുത്തായി സിമന്റ് ഗോഡൗൺ നിർമിക്കുന്നത്. പാലം നിർമാണത്തിന്റെ പ്രധാന ചുമതലയുള്ള പണിക്കാർ താമസിച്ചിരുന്നതും ഇവിടെ ആയിരുന്നു. 10 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയുമുണ്ട് ഗോഡൗണിന്. ഗോഡൗൺ പൊളിച്ചു നീക്കിയാൽ ലഭ്യമാകുന്ന സ്ഥലം പൊതുമരാമത്തു വകുപ്പ് ആധുനികരീതിയിൽ വിശ്രമകേന്ദ്രം നിർമിക്കാൻ ഉപയോഗിച്ചേക്കും. നിലവിൽ ഇവിടെയുള്ള വിശ്രമകേന്ദ്രം കാലപ്പഴക്കമുള്ളതാണ്. റെയിൽവേ സ്റ്റേഷനും ബസ്‌സ്റ്റാൻഡും മിനി സിവിൽസ്റ്റേഷനും അടുത്തുള്ളതിനാൽ ആധുനികരീതിയിൽ വിശ്രമകേന്ദ്രം നിർമിക്കുന്നത് യാത്രക്കാർക്കും ഏറെ ഗുണകരമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here