വളാഞ്ചേരിയിൽ നിന്നും മതസൗഹാർദ്ധത്തിൻ്റെ ഒരു ഇഫ്ത്താർ വിശേഷം
വളാഞ്ചേരി : പ്രഭാകരേട്ടന്റെ ഇഫ്താറിന് ഇത്തവണയും പുതുമയുണ്ടായിരുന്നു. മണ്ഗ്ലാസിലായിരുന്നു വെള്ളവും ജ്യൂസുമെല്ലാം നൽകിയത്. സ്പെഷ്യലായി പൊടിയരി കഞ്ഞിയുമുണ്ടായിരുന്നു. തീൻമേശയോളം വലുപ്പമുള്ള ദോശ എല്ലാവരും ചേർന്ന് കഴിച്ചപ്പോൾ പങ്കു വെക്കലിന്റെ മാതൃകയാണ് ഇവിടെ ഈ ഇഫ്താർ പിറക്കൊപ്പം പിറന്നത്.
പിന്നെ പത്തിരിയും ബിരിയാണിയുമെല്ലാമായി വിഭവ സമൃദ്ധമായ ഇഫ്താർ. പ്രഭാകരേട്ടൻ റംസാൻ നോമ്പെടുക്കാൻ തുടങ്ങിയിട്ട് 31 വർഷമായി. കോട്ടീരി പൊന്നാത്തെ സൗഹൃദം പൂക്കുന്ന വിശാലമായ മുറ്റത്തു വിവിധ മേഖലകളിൽ നിന്ന് ഒരുപാട് പേരുണ്ടായിരുന്നു. ടൗണിലെ പള്ളിയിൽ നിന്ന് ബാങ്കിന്റെ ചെറിയ ശബ്ദം കേട്ടപ്പോൾ പ്രഭാകരേട്ടൻ തന്നെ വിളിച്ചു പറഞ്ഞു. സമയമായെന്ന്. വീടിനുള്ളിലായിരുന്നു മഗ്‌രിബ് നമസ്കാരം.
വീട്ടിലെ പടിഞ്ഞാറെ മൂലയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇമാം നിന്നു. അടുക്കള ഒഴികെ നിലവിളക്ക് തെളിഞ്ഞു കത്തുന്ന പൂമുഖപടി വരെ മറ്റുള്ളവർ വരി നിന്നു. സ്നേഹ സൗഹൃദങ്ങൾ കെട്ടു പോകുന്ന കാലത്ത് ഈ ഇഫ്താർ ഒരു സന്ദേശമാണ്, ഒരു നിലപാടാണ്, ഒരു പ്രതീക്ഷയാണ്. മാനവികതയുടെ പന്തലിട്ട് സ്നേഹം കൊണ്ട് വിരുന്നൂട്ടാൻ വളാഞ്ചേരിയിൽ നമുക്കൊരു പ്രഭാകരേട്ടനുണ്ട്. വെറുമൊരു ഇഫ്താർ പിറയല്ല ഇത്, സൗഹൃദങ്ങളുടെ പിറന്നാളാഘോഷം കൂടിയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here