വളാഞ്ചേരിയിൽ ട്വന്റി ട്വന്റി കൂട്ടായ്മ നിലവിൽ വന്നു; ലക്ഷ്യം ജനപക്ഷ വികസനം
വളാഞ്ചേരി: നാടിന്റെ വികസനം ലക്ഷ്യമാക്കി, ആസന്നമായ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി കൂട്ടായ്‌മ സജീവമായി രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ വളാഞ്ചേരി മീഡിയ ക്ലബിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. വികസനത്തിന് ഊന്നൽ നൽകിയായിരിക്കും ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ. അഴിമതിക്കാരേയും വികസന വിരോധികളേയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്ന് കാട്ടും. നഗരസഭയുടെ പ്രവർത്തനങ്ങൾ സമഗ്രമായ വികസനം മാത്രം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. ജനപക്ഷത്ത് നിന്നു കൊണ്ടുള്ള വികസനം മാത്രമേ നാടിന് ഗുണം ചെയ്യൂ. മാഫിയാ സംഘങ്ങളേയും അഴിമതിക്കാരേയും നഗരഭരണത്തിന്റെ പതിനാറയലത്തേക്ക് പോലും അടുപ്പിക്കാതിരിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ട്വന്റി ട്വന്റി യുടെ നേതൃത്വത്തിൽ നടത്തും.
അനുയോജ്യരായ സ്ഥാനാർത്ഥികൾ മൽസരിക്കുന്ന വാർഡുകളിൽ അവർക്ക് പിന്തുണ നൽകിയും, അല്ലാത്ത വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയുമായിരിക്കും ട്വന്റി ട്വന്റിയുടെ ഇടപെടലുകൾ. അധികാരമോഹികളും സ്വാർത്ഥ താൽപര്യക്കാരുമായ എല്ലാവരേയും പരാജയപ്പെടുത്താൻ ട്വന്റി ട്വന്റി മുന്നിലുണ്ടാവുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്റി ട്വന്റി കൂട്ടായ്‌മയുടെ ഭാരവാഹികളായി മനു കോട്ടീരി (ചെയർമാൻ), കെ പി കരീം (ജനറൽ കൺവീനർ), അദീദ് കെ.ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here