ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍; ഇന്ത്യ ചാമ്പ്യന്മാര്‍-ഗോളുകൾ കാണാം
മുംബൈ: ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടി. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് ഛേത്രി മെസ്സിക്കുമൊപ്പമെത്തി. ഇനി എണ്‍പത്തിയൊന്ന് ഗോളുകള്‍ സ്വന്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോള്‍ താരങ്ങളില്‍ ഛേത്രിക്ക് മുന്നില്‍. തന്റെ നൂറ്റിരണ്ടാം മത്സരത്തിലാണ് ഛേത്രി മെസ്സിക്കൊപ്പമെത്തിയത്.
ആദ്യ മത്സരത്തിലെന്ന പോലെ ഫൈനലിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. കെനിയയുടെ മുന്നേറ്റവും ആക്രമണവും തീര്‍ത്തും ദുര്‍ബലമായിരുന്നു. ഇന്ത്യയുടെ പ്രതിരോധത്തെ പിളര്‍ത്താന്‍ പോന്ന മൂര്‍ച്ച അവരുടെ ഒരു നീക്കത്തിനുമുണ്ടായില്ല. തുടക്കത്തില്‍ അവര്‍ക്ക് ഏതാനും നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, എട്ടാം മിനിറ്റില്‍ ആദ്യം വല കുലുക്കിയത് ഇന്ത്യയായിരുന്നു.
അവസാന നിമിഷങ്ങളില്‍ കെനിയന്‍ ആക്രമണത്തിന്റെ ഒരു വേലിയേറ്റം കണ്ടെങ്കിലും സ്റ്റേഡിയത്തിലെ 8990 കാണികളെ ഛേത്രിയുടെ കൂട്ടരും നിരാശരാക്കിയില്ല. ഇടയ്ക്ക് മലയാളി താരം ആഷിഖിനെ വീഴ്ത്തിയതിന് ഒഗിംഗ ചുവപ്പ് കാണേണ്ടതായിരുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here