ബഹിരാകാശനിലയം ഇന്ന് മലപ്പുറം ജില്ലയിൽ ദൃശ്യമാകും
മഞ്ചേരി: അന്താരാഷ്ട്ര ബഹിരാകാശനിലയം ഞായറാഴ്ച മലപ്പുറത്ത് വിവിധ ഭാഗങ്ങളിൽ ദൃശ്യമാവും. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്ന് ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉദിച്ച് വരും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിലയം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുമെന്ന് വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു. രാത്രി 07.13.39ന് വടക്കുപടിഞ്ഞാറു ഭാഗത്ത് രണ്ട് മിനിറ്റോളമായിരിക്കും ബഹിരാകാശനിലയം ദൃശ്യമാവുക. 7.20ന് തെക്ക് കിഴക്കേ ചക്രവാളത്തിൽ നിലയം അപ്രത്യക്ഷമാകും.
താഴ്ന്ന പഥത്തിലൂടെ കറങ്ങുന്നതിനാൽ മൈനസ് 4.6 എന്ന ഏറെ കൂടിയ ദൃശ്യകാന്തിമാനത്തിലാണ് ഇത്തവണ നിലയം കടന്നുപോകുക. അതിനാൽ ശുക്രനെക്കാളും ശോഭയുണ്ടാകും. ടെലിസ്ക്കോപ്പിലൂടെയും ബൈനോക്കുലറിലൂടെയും 7.15 മുതൽ രണ്ട് മിനിറ്റ് സമയം ചന്ദ്രന്റെ നേരെ തിരിച്ചുവച്ചാൽ ബഹിരാകാശനിലയം കാണാനാകും. ഭൂമിയിൽനിന്നും 330 മുതൽ 435 കിലോമീറ്ററുകൾക്കിടയിലുള്ള ഭ്രമണപഥത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. യുഎസ്, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളും യൂറോപ്യൻ സ്പേസ് ഏജൻസിയിലെ 11 രാജ്യങ്ങളുമടങ്ങുന്ന 16 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here