അൻവർ ബാബുവിനെ കാണാൻ പുത്തനത്താണിയിലെ ‘പ്ലാവില’ക്കടയിൽ എത്തി ഹനാൻ
പുത്തനത്താണി: അതിജീവനത്തിൽ ആശ്വാസം കണ്ടെത്തി വിധിയോട് പൊരുതുന്ന കൻമനം സ്വദേശി അൻവർ ബാബുവിന്റെ പ്ലാവിലക്കടയുടെ ഉദ്ഘാടനത്തിൽ അതിജീവനപാതയിൽ പൊരുതി ജയിച്ച ഹനാനെത്തി.കാലിലെ അസ്ഥിസംബന്ധമായ രോഗത്തിനും ബധിരതയ്ക്കും ഇടയിൽ ജീവിതത്തിൽ പടപൊരുതുകയാണ് അൻവർ ബാബു. മൂന്നുമാസത്തിലൊരിക്കൽ വെല്ലൂരിൽ ശസ്ത്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. മുപ്പതോളം ശസ്ത്രക്രിയകളാണ് 43 വയസ്സിനുള്ളിൽ കഴിഞ്ഞത്. രണ്ടുമക്കളുള്ള അൻവർ ബാബു വിവിധതരം ജോലി നോക്കിയെങ്കിലും ഫലവത്തായില്ല. കനേഡിയൻ മലയാളി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താൽ പുത്തനത്താണിയിൽ പ്ലാവില എന്നു പേരിട്ടിരിക്കുന്ന ചക്ക വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ കടയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അതിജീവനംകൊണ്ട് കേരളക്കരയാകെ അറിയപ്പെട്ട ഹനാൻ എത്തിയത്.
ജീവിക്കാനുള്ള തന്റേടവും മനസ്സും ഹനാനെയും ബാബുവിനെയും അതിജീവനത്തിന്റേതാക്കി. ഹനാനും അൻവർ ബാബുവും നല്ല പാഠമാണ് സമൂഹത്തിനു നൽകുന്നത്. കടയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി തങ്ങൾ നിർവഹിച്ചു. ഹോർട്ടി കോർപ്പറേഷന്റെ പ്ലാവിൻ തൈ വിതരണവുമുണ്ടായി.
മുജീബ് റഹ്മാൻ, കണ്ണൂരിൽനിന്ന് സാമൂഹ്യ പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു. അൻവർ ബാബു ഹനാന് ഉപഹാരം നൽകി. എന്നും സാധാരണക്കാരുടെ കൂടെ നിൽക്കാനും അവരുടെ കണ്ണീരൊപ്പാനും തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഹനാൻ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here