ആക്രിക്കച്ചവടക്കാരനെന്ന നിലയിൽ പൈങ്കണ്ണൂരിൽ താമസം, രാത്രി മോഷണം; ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവും കൂട്ടാളികളും പിടിയില്‍
കോട്ടക്കൽ: ആയുർവ്വേദ ഡോക്ടറുടെ വീട്ടിൽ നിന്നും 30 പവൻ സ്വർണ്ണവും 30000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവായ മഞ്ജുനാഥ്(39), ഇയാളുടെ ഭാര്യ പാഞ്ചാലി(33), മഞ്ജുനാഥിന്റെ കൂട്ടാളി അറമുഖൻ (കുഞ്ഞൻ 24) എന്നിവരെ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കവർച്ചാ കേസിൽ പത്തുവർഷത്തെ തടവ് ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവർച്ചാ രംഗത്ത് തുടരുന്നതിനിടെയാണ് മഞ്ജുനാഥ് പിടിയിലാവുന്നത്. തമിഴ്നാട് സ്വദേശിയായ മഞ്ജുനാഥ് വർഷങ്ങളായി കേരളത്തിലാണ് താമസം. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ കവർച്ചാ കേസുകളുണ്ട്. ഏറെകാലം താനൂരിൽ താമസിച്ചിരുന്നു. മഞ്ജുനാഥ് ഇപ്പോൾ വളാഞ്ചേരി പൈങ്കണ്ണൂരിലും അറമുഖൻ എടയൂരിലും വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുകയാണ്. ആക്രിക്കച്ചവടക്കാരനെന്ന വ്യാജേനയാണ് മഞ്ജുനാഥ് പൈങ്കണ്ണൂരിൽ കഴിഞ്ഞിരുന്നത്.
സംഘത്തിൽ നിന്ന് 17 പവൻ സ്വർണ്ണവും 1.60 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനിലോറി, കവർച്ചക്കായി യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന സ്‌കൂട്ടർ എന്നിവയും പോലീസ് കണ്ടെടുത്തു. വളാഞ്ചേരി സ്വദേശിയിൽ നിന്നാണ് സെക്കൻഡ് ഹാൻഡ് മിനി ലോറി വാങ്ങിയത്. അടഞ്ഞു കിടക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയെത്തി വാതിലുകൾ തകർത്ത് കവർച്ച നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 23ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ വീട്ടിലെ മോഷണം. ഡോക്ടറും കുടുംബവും ചെന്നൈയിലേക്ക് പോയതിനിടെയായിരുന്നു സംഭവം.
മോഷണ സ്വർണ്ണം വിൽക്കാൻ സഹായിച്ചതിനാണ് പാഞ്ചാലിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടക്കൽ എസ്.എച്ച്.ഒ.വൈ. യൂസഫ്, എസ്.ഐ. റിയാസ് ചാക്കീരി, സ്‌പെഷ്യൽ സ്‌ക്വാഡ് എ.എസ്.ഐ. പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ജയപ്രകാശ്, കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ അഡീ. എസ്.ഐ. ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here