HomeNewsGeneralകുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം സൈനിക ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌

കുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം സൈനിക ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌

search-in-river

കുറ്റിപ്പുറത്തെ ആയുധശേഖരം: അന്വേഷണം സൈനിക ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌

കുറ്റിപ്പുറം: ബോംബുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത് സൈനികക്യാമ്പുകള്‍ കേന്ദ്രീകരിച്ച്. മഹാരാഷ്ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലേതാണ് ഭാരതപ്പുഴയില്‍നിന്ന് കണ്ടെടുത്ത കുഴിബോംബുകളെന്ന് വ്യക്തമായിട്ടുണ്ട്.

1999-ല്‍ ചന്ദ്രാപ്പൂരിലുള്ള പട്ടാളത്തിന്റെ ബോംബ് നിര്‍മാണശാലയില്‍ നിര്‍മിച്ച ഇവ 2011-ലാണ് പുല്‍ഗാവിലെ ആയുധപ്പുരയിലേക്ക് കൈമാറിയത്. ഇവിടെനിന്നാണ് ഉപയോഗിക്കാനായി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

2016-ല്‍ പുല്‍ഗാവിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ടതാണോ എന്ന് പരിശോധിക്കുന്നുണ്ട്. വിതരണം ചെയ്തത് ഏത് സൈനിക ക്യാമ്പിലേക്കാണെന്നത് വ്യക്തമായാല്‍ അവിടെ ഇത്തരത്തിലുള്ള ഏതെങ്കിലും സ്‌ഫോടനമോ ആക്രമണമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിനുശേഷമേ കുറ്റിപ്പുറം പാലത്തിനടിയില്‍ ഇതെല്ലാം എങ്ങനെയെത്തി എന്നത് സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ കഴിയൂ.

സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് ആയുധങ്ങള്‍ കൈവശപ്പെടുത്തുന്ന രീതി മാവോവാദികള്‍ക്കുണ്ട്. മാവോവാദികളുടെ കൂടിക്കാഴ്ച കേന്ദ്രങ്ങളിലൊന്നാണ് കുറ്റിപ്പുറം. അതുകൊണ്ടുതന്നെ മാവോവാദി ബന്ധങ്ങള്‍ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല.

കേരളത്തിന് പുറത്തുനിന്നുള്ള സൈനിക ക്യാമ്പുകളില്‍നിന്ന് നഷ്ടപ്പെട്ടവയാണ് ഇപ്പോള്‍ ലഭിച്ചവയെല്ലാം എങ്കില്‍ എങ്ങനെ അവ സംസ്ഥാനത്തിനകത്ത് എത്തി എന്നതും പ്രധാനമാണ്. റോഡുമാര്‍ഗം എത്തിച്ചിരിക്കാനാണ് സാധ്യത. ഇതും സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഒരുവര്‍ഷത്തിനുള്ളിലാണ് ആയുധ സാമഗ്രികള്‍ ഭാരതപ്പുഴയില്‍ ഉപേക്ഷിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. ഏതെങ്കിലും വാഹനത്തില്‍ എത്തിച്ച സാധനങ്ങള്‍ പാലത്തിനു മുകളില്‍നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞതാവാനാണ് സാധ്യത. പി.എസ്.പി. ഷീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയ സാഹചര്യത്തില്‍ ആയുധസാമഗ്രികള്‍ ഉപേക്ഷിച്ചതാകുമെന്നുതന്നെയാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!