ജില്ലയിൽ ആദ്യമായി വയോധികർക്ക് ആയുർവേദ പരിരക്ഷ ഒരുക്കി ഇരിമ്പിളിയം പഞ്ചായത്ത്
ഇരിമ്പിളിയം: കിടപ്പിലായ വയോധികർക്ക് ആയുർവേദ പരിരക്ഷയൊരുക്കി ഇരിമ്പിളിയം പഞ്ചായത്ത്. പഞ്ചായത്തിന്റെയും പുറമണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ 17 വാർഡുകളിലും സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാരംഭഘട്ടത്തിൽ രണ്ടുലക്ഷം രൂപ വകയിരുത്തി. അറുപതു വയസ്സു കഴിഞ്ഞ കിടപ്പിലായ രോഗികൾക്കു ഗുണം ലഭിക്കും.
മാസത്തിൽ രണ്ടു തവണ ഡോക്ടറുടെ നേതൃത്വത്തിൽ രോഗിയെ വീട്ടിലെത്തി പരിശോധിക്കും. മരുന്നും നൽകും. അർഹരായവർ പുറമണ്ണൂർ ആയുർവേദ ഡിസ്പെൻസറിയിൽ പേർ റജിസ്റ്റർ ചെയ്യണം.
ജില്ലയിൽ ഇത്തരമൊരു പദ്ധതി ഇതാദ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു നിർവഹിച്ചു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ ആധ്യക്ഷ്യം വഹിച്ചു. വി.ടി.അമീർ, എൻ.ഉമ്മുകുൽസു, വി.കെ.റജുല, സി.പി.ഉമ്മകുൽസു, പ്രവീണ ഇടുകുഴിയിൽ, ഡോ. സി.വി.സന്ധ്യ, കെ.ജയശ്രീ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here