വളാഞ്ചേരിയിൽ ഐറിഷ് ഡ്രൈനേജ് പദ്ധതി അന്തിമഘട്ടത്തിൽ
വളാഞ്ചേരി : നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഐറിഷ് മാതൃകയിലുള്ള അഴുക്കുചാൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും മാലിന്യങ്ങൾ കെട്ടിക്കിടന്ന് മലിനജലം പുറത്തേക്കൊഴുകിയിരുന്ന ഓടകളും നികത്തി അവയ്ക്കുമുകളിൽ നടപ്പാതകൾ നിർമിക്കുന്ന ജോലിയാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ റോഡിന്റെ ഇരുവശങ്ങളിലുമായി മുന്നൂറ്റിഅമ്പത് മീറ്ററും പട്ടാമ്പി റോഡിൽ അഞ്ഞൂറ് മീറ്ററും ദൂരത്തിലാണ് ഐറിഷ് ഡ്രൈനേജ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇന്റർലോക്ക് പതിച്ച നടപ്പാതകൾക്കരികിലൂടെ മഴവെള്ളംമാത്രം ഒഴുകിപ്പോകുന്ന വിധത്തിലാണ് നിർമാണം. മലിനജലം സംസ്കരിക്കാൻ സ്വന്തം സ്ഥാപനത്തിൽത്തന്നെ സംവിധാനമൊരുക്കണമെന്ന അധികൃതരുടെ നിർദേശങ്ങൾ ചിലർ മുഖവിലയ്ക്കെടുത്ത് നടപ്പാക്കിയെങ്കിലും മറ്റ് പലരും അവഗണിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടനൽകിയിരുന്നു. തുടർന്നാണ് ഐറിഷ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്.
പദ്ധതിക്കായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 75ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിപ്രവർത്തനങ്ങൾ എം.എൽ.എ. നേരിട്ടെത്തി വിലയിരുത്തി. മുസ്‌ലിംലീഗ് മുനിസിപ്പൽ പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാധ്യക്ഷ സി.കെ. റുഫീന, സി.കെ. അബ്ദുൾനാസർ, സി. രാമകൃഷ്ണൻ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, നൗഫൽ പാലാറ തുടങ്ങിയവരും ഒപ്പമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here