ജലനിധിയുടെ ഫണ്ട് കൈമാറ്റം; കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്
കുറ്റിപ്പുറം: ജലനിധി പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ, ഫണ്ട് കൈമാറ്റത്തെച്ചൊല്ലി രാഷ്ട്രീയ പാർട്ടികളുടെ വാക്പോര്. വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിലെ ജലനിധി പദ്ധതി കാര്യക്ഷമമായി പൂർത്തീകരിക്കാത്ത കരാറുകാരന് പണം കൈമാറുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസും സിപിഎമ്മും യോഗത്തിൽ പ്രതിഷേധമുയർത്തി.
ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ ആരോപിച്ചു. ബുധനാഴ്ച പകൽ പഞ്ചായത്ത് ഓഫീസ് മീറ്റിങ‌് ഹാളിൽ ചേർന്ന ജലനിധി അവലോകനയോഗത്തിലാണ് കോൺഗ്രസ‌് നേതാവ‌് ലീഗിനെതിരെ ആഞ്ഞടിച്ചത‌്. ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ‌്, മറ്റ് മെമ്പർമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ജയകുമാർ, ഏരിയാ കമ്മിറ്റിയംഗം വി കെ രാജീവ്, മറ്റ് രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷപ്രതികരണം. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അഴിമതി കാട്ടിയതായുള്ള ആരോപണത്തെ തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ലുഖ്മാൻ തങ്ങൾ യോഗം അവസാനിക്കും മുൻപ് ഇറങ്ങിപ്പോയി.
ജലനിധി പദ്ധതി ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം കരാറുകാരന് 50 ലക്ഷം രൂപ കൈമാറിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അടക്കമുള്ളവർ യോഗത്തിൽ ബഹളംവച്ചു. നേരത്തേ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കരാറുകാരന് ഉടൻ പണം നൽകേണ്ടെന്നും അവലോകന യോഗത്തിന് ശേഷം പണം അനുവദിച്ചാൽ മതി എന്നും തീരുമാനം എടുത്തിരുന്നു.
ഭരണസമിതിയോഗ തീരുമാനം അവഗണിച്ച് പഞ്ചായത്ത് സെക്രട്ടറി സ്കീം ലെവൽ കമ്മിറ്റി മുഖേന കരാറുകാരന് 50 ലക്ഷം രൂപ അനുവദിച്ചത് ശരിയായ നടപടിയല്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാക്കാൾ ചൂണ്ടിക്കാട്ടി. ജലനിധിയുടെ പ്രവർത്തികൾക്കായുള്ള ഫണ്ട് കഴിഞ്ഞ മാർച്ചിൽ എത്തിയിട്ടും വിതരണം ചെയ്യാൻ പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് നിലവിലെ സ്കീം ലെവൽ കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ജലനിധി കരാറുകാരന് കുടിശികയായി ഒരു കോടിയോളം രൂപ നൽകാനുണ്ട്. ഫണ്ട് എത്തി അഞ്ചു ദിവസത്തിനകം ഇത് വിതരണം ചെയ്യണമെന്നാണ് ചട്ടം.
എന്നാൽ പഞ്ചായത്ത് ഭരണം നടത്തുന്ന ലീഗ് ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും ഫണ്ട് അനുവദിക്കുന്നതിനായി സെക്രട്ടറി മുഖേന കരാറുകാരനോട് വൻ തുക കമ്മിഷൻ ചോദിച്ചെന്നും ആരോപണം ഉയർന്നു.ഇതിനായി ലീഗ് നേതാക്കൾ വൻതുക കമീഷൻ ചോദിച്ചെന്നും അത് നൽകാത്തതിനാലാണ് തുക തടഞ്ഞതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃശൂർ സ്വദേശിയായ കരാറുകാരൻ പാണക്കാട്ടെത്തി ലീഗ് ജില്ലാ പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചിരുന്നു. തുടർന്ന് ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കലിനെ അന്വേഷണത്തിന‌് നിയോഗിച്ചതാണറിയുന്നത‌്. അതിനിടയിലാണ് കോൺഗ്രസ് നേതാവ് തന്നെ പരസ്യആരോപണം ഉന്നയിച്ചത‌്. ആരോപണം നിഷേധിച്ച് ലുഖ്മാൻ തങ്ങൾ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പ്രസിഡന്റ് പദവി കോൺഗ്രസിന് വിട്ടുനൽകാൻ തയാറാകാത്തതിനെ തുടർന്നാണ് ചിലർ ഇത്തരം ആരോപണം ഉയർത്തുന്നതെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here