അരീക്കോട് ഐവറി കോസ്റ്റ് താരത്തെ ഗ്രൗണ്ടിൽ വളഞ്ഞിട്ട് തല്ലി കാണികൾ, വംശീയാധിക്ഷേപവും നടന്നുവെന്ന് ആരോപണം; പരാതി നൽകി താരം
അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂർ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു താരത്തിന് മർദനമേറ്റത്. കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും ബ്ലാക്ക് മങ്കി എന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയുണ്ട്. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് സംഘം ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. ഐവറികോസ്റ്റ് കളിക്കാരനെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കുകയും ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൂടാതെ അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക സെൽ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിലെ ഐവറി കോസ്റ്റ് എംബസിയിലേക്കും പരാതി നൽകിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here