റെയില്‍വേ ബജറ്റ്: ആകെ കിട്ടിയത് ഒരുകോടി; പതിവു പോലെ പ്രതീക്ഷകള്‍ മാത്രം ബാക്കിയായി
കുറ്റിപ്പുറം: നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേബജറ്റില്‍ ജില്ലയ്ക്ക് കാര്യമായ നേട്ടങ്ങളില്ല. പ്രതീക്ഷകള്‍ മിക്കതും പാളംതെറ്റിയെങ്കിലും തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരുകോടി രൂപ അനുവദിച്ചതാണ് ആശ്വാസത്തിന് വകനല്‍കുന്നത്. പൊതുവായി കേരളത്തിനുലഭിച്ച നേട്ടങ്ങളില്‍ ആശ്വസിച്ച് ഇനിയും കാത്തിരിക്കാനാണ് ജില്ലക്കാരുടെ തലവിധി. കൂടുതലായി എന്തെങ്കിലുംകിട്ടുമോ എന്നറിയാന്‍ ഇനി ബജറ്റ് സമ്മേളനംവരെ കാത്തിരിക്കണം.
പുതിയ പാതകള്‍ക്കായി തുക വകയിരുത്തിയകൂട്ടത്തിലാണ് തിരുനാവായ-ഗുരുവായൂര്‍ പാത ഉള്‍പ്പെട്ടിട്ടുള്ളത്. അനിശ്ചിതത്വത്തിലായ പദ്ധതിക്ക് ഇനി വേഗം കൈവരുമെന്ന് പ്രതീക്ഷിക്കാം. സ്ഥലമേറ്റെടുക്കേണ്ട കാര്യത്തിലും അലൈന്‍മെന്റിന്റെ കാര്യത്തിലും ഇനിയും തീരുമാനമാകാനുണ്ട്. കോച്ചുകളുടെ എണ്ണം 26 ആക്കി ഉയര്‍ത്താനുള്ള തീരുമാനം ഗുണകരമാകും. മിക്ക തീവണ്ടികളിലും പലപ്പോഴും സൂചികുത്താന്‍ ഇടമില്ലാത്തതരത്തിലുള്ള തിരക്കാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ വരുന്നതും യാത്രക്കാര്‍ക്ക് സഹായമാണ്. വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കുമെന്നത് സ്ത്രീ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്.
വൈദ്യുതീകരണത്തിന് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനം ഷൊര്‍ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിന്റെ വേഗം കൂട്ടിയേക്കും. പാതവികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് ബജറ്റില്‍ പറയുമ്പോഴും ജില്ലയുടെ പ്രതീക്ഷകള്‍ പലതും അസ്ഥാനത്തായി. അങ്ങാടിപ്പുറം-ഫറോക്ക് പാതയ്ക്കും മലപ്പുറം, വയനാട് ജില്ലകളുടെ വികസനത്തിന് വഴിവെക്കുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കും ജില്ല പച്ചക്കൊടി കാത്തിരുന്നിരുന്നു. അങ്ങാടിപ്പുറം-മലപ്പുറം- എയര്‍പോര്‍ട്ട്-കോഴിക്കോട് പാതയും പ്രതീക്ഷയുടെ ട്രാക്കിലായിരുന്നു. തിരുനാവായ-ഗുരുവായൂര്‍ പാതയിലൂടെ മാത്രമാണ് ജില്ല ബജറ്റില്‍ ഇടംനേടിയത്.
നിലവില്‍ ഓടുന്ന വണ്ടികള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളാണ് വേണ്ടത്. ബജറ്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇനിയറിയേണ്ടത്. 26 വണ്ടികള്‍ ജില്ലയിലെവിടെയും നിര്‍ത്താതെ പോകുന്നുണ്ട്. അങ്ങാടിപ്പുറം വഴി പോകുന്ന രാജ്യറാണി എക്സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് അമൃത എക്സ്പ്രസ്സിനോടുചേര്ത്താണ് തിരുവനന്തപുരത്തേയ്ക്കുപോകുന്നത്. രാജ്യറാണി എക്സ്പ്രസ്സിനെ സ്വതന്ത്രമായി ഓടിക്കണമെന്നതും പ്രധാന ആവശ്യമായിരുന്നു. മേല്‍പ്പാലങ്ങളുടെയും പ്ലാറ്റ്‌ഫോം മേല്‍ക്കൂരകളുടെയും നിര്‍മാണവും പൂര്‍ത്തീകരിക്കാനുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here