മലപ്പുറം ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി കെ ഗോപാലകൃഷ്ണൻ ബുധനാഴ്ച ചുമതലയേറ്റു. ജാഫർ മലിക്കിന് പകരക്കാരനായാണ് തിരുവനന്തപുരം കലക്ടറായിരുന്ന കെ ഗോപാലകൃഷ്ണൻ ചുമതലയേൽക്കുന്നത്. എഡിഎം എൻ എം മെഹറലിയിൽനിന്നാണ് ചുമതലയേറ്റെടുത്തത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം അസിസ്റ്റന്റ് കലക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച നാളിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ താൻ നട്ട മാവിൻതൈ വളർന്ന് പന്തലിച്ചത് കണ്ടപ്പോൾ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി. ചുമതലയേറ്റ ആദ്യദിനം തന്നെ തിരക്കിനിടയിലും കളക്ടർ അന്ന് നട്ട മാവിന്റെ അരികിലെത്തി. 2014ൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ ചുമതല. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് സബ് കലക്ടർ, ജലനിധിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, കേന്ദ്ര സർവീസിൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അസി. സെക്രട്ടറി, സർവേ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പൊതുഭരണം, തിരുവനന്തപുരം കലക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പ് മേധാവികൾ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here