എം.ആർ അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെ: കെ. മുരളീധരൻ
വളാഞ്ചേരി : എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെയെന്ന് കെ.പി.സി.സി. മുൻപ്രസിഡന്റ് കെ. മുരളീധരൻ. തൃശ്ശൂർപ്പൂരം കലങ്ങിയതാണോ കലക്കിയതാണോ എന്ന വിവാദവിഷയം അന്വേഷിക്കാൻ ഡി.ജി.പി.യുടെ നേതൃത്വത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.യുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു കായംകുളം കൊച്ചുണ്ണിയെന്ന പ്രസിദ്ധനായ മോഷ്ടാവിനെക്കുറിച്ചുള്ള പരാമർശം.
മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി. നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ മണ്ഡലംതല രാഷ്ട്രിയവിശദീകരണയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കലക്കിയതിനുപിന്നിൽ മുഖ്യമന്ത്രി പിണറായിയുടെ കൈകളുണ്ടെന്ന് തൃശ്ശൂരിലെ സ്ഥാനാർഥിയായ താൻ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയല്ലേ സ്വന്തം മുന്നണിയിലെ എം.എൽ.എയായ പി.വി. അൻവറും ഇപ്പോൾ നാടാകെ പറയുന്നത്. മുരളീധരൻ ചോദിച്ചു. വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. പി.സി.എ. നൂർ, വേലായുധൻകുട്ടി, അബിൻ വർക്കി, ടി.കെ. അഷറഫ്, വിനു പുല്ലാനൂർ, പി. രാജൻ നായർ, ഉമറലി കരേക്കാട് ഷൗക്കത്ത് എടക്കാടൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷാജി പച്ചീരി തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here