കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണത്തിനു തുടക്കം
മാറാക്കര : കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കോട്ടയ്ക്കൽ നഗരസഭയിലെയും മാറാക്കര, എടയൂർ, പൊന്മള, കുറുവ പഞ്ചായത്തുകളിലെയും അരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മേൽമുറി വില്ലേജിൽപ്പെട്ട മരവട്ടത്ത് ഒരേക്കർ പതിനഞ്ചു സെന്റ് സ്ഥലത്ത് 19.80 കോടി രൂപ വിനിയോഗിച്ചാണ് സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്.
നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതിയുടെ ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപ്പകഞ്ചേരി, 10 കെ.വി. എടരിക്കോട്, 110 കെ.വി. കുറ്റിപ്പുറം, 220 കെ.വി. മലാപ്പറമ്പ് സബ്‌സ്റ്റേഷനുകളിൽ നിന്നാണ്. ഫീഡറുകളുടെ ദൈർഘ്യക്കൂടുതൽകാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണനഷ്ടവും പതിവാണ്. കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ഇതിനു പരിഹാരമാകും.
ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ്. ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ ഡോ. ഹനീഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത നന്നേങ്ങാടൻ, ഹസീന ഇബ്രാഹിം, കെ.പി. വഹീദ, വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ടി.വി. റാബിയ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here