കാത്തിരിപ്പിന് വിരാമം; ‘പൂമരം’ വരുന്നു
മഞ്ചേരി: പ്രേക്ഷകരുടെ ഒരു വർഷത്തിനു മേലെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘പൂമരം’ ചിത്രത്തിന്റെ റിലീസിങ്ങ് പ്രഖ്യാപിച്ചു. നായകനായ കാളിദാസ് തന്നെയാണ് റിലീസിങ്ങ് പ്രഖ്യാപിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ നടന്നു വരുന്ന മഞ്ചേരിയിൽ വച്ചാണ് കാളിദാസ് തന്നെ ഈ പ്രഖ്യാപനം നടത്തിയത്. മാർച്ച് ആദ്യവാരമായിരിക്കും റിലീസെന്ന് മഞ്ചേരി എൻഎസ്‌എസ് കോളേജിൽ കലോത്സവം ഉദ്ഘാടന വേദിയിൽ കാളിദാസ് പറഞ്ഞു.
സി-സോണിനിടെ ‘പൂമരം’ ഷൂട്ടിങ്ങും
സി സോൺ വേദിയിൽ അധികമാരും അറിയാതെ ഒരു സിനിമാ ഷൂട്ടിങ്. ക്യാംപസിന്റെ ഓളവും താളവും സിനിമയിലേക്ക് പകർത്തുകയായിരുന്നു അണിയറ പ്രവർത്തകർ. നായകൻ പ്രസംഗിക്കുന്നതും ക്യാംപസിനെ കൈയ്യിലെടുക്കുന്നതുമായിരുന്നു രംഗം. സദസ്സിലും വേദിയിലുമുള്ളവർ മാർച്ചിൽ സിനിമ റിലീസാകുമ്പോൾ പ്രത്യക്ഷപ്പെട്ടേക്കും.
ഷൂട്ടിങ് നടക്കുന്ന വിവരം സംഘാടകരിൽ ചിലരല്ലാതെ മറ്റാരും അറിഞ്ഞില്ല. സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറ കണ്ട് ചിലർക്കു സംശയം തോന്നാതിരുന്നില്ല. പൂമരം സിനിമയിലേക്കുള്ള രംഗമാണെന്ന് അറിയുന്നതു ഏതാനും പേർക്കു മാത്രം. പൂമരം സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ചെറിയൊരു ഭാഗം ചേർക്കാനായിരുന്നു സി സോൺ വേദികൾ പകർത്തിയത്. പൂമരം ഫെയിം ഫൈസൽ റാസിയും നടൻ കാളിദാസും പങ്കെടുക്കുന്ന വേദിയായപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരും എത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here