ചട്ടലംഘനമെന്ന പരാതി; കൽപ്പകഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി
കൽപ്പകഞ്ചേരി: ഗ്രാമസഭ നടത്തിയതിൽ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഡയറക്ടർ വിശദീകരണം തേടി. പഞ്ചായത്തിലെ വാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട വർക്കിങ‌് ഗ്രൂപ്പ് യോഗം രേഖാമൂലം പഞ്ചായത്ത് മെമ്പറെ അറിയിക്കാത്തതിലും ശുചിത്വം, കുടിവെള്ളം വർക്കിങ‌് ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന‌് 11–-ാം വാർഡ് അംഗം കള്ളിയത്ത് ശരീഫിനെ നീക്കംചെയ്തതിലുമാണ‌് വിശദീകരണം തേടിയത‌്.
മെമ്പറെ അറിയിക്കാതെ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമസഭ വിളിച്ചുകൂട്ടിയത‌് അന്നുതന്നെ വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർഡംഗം കള്ളിയത്ത് ശരീഫ് ഡിഡിപിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി. വാർഡംഗത്തിന്റെ പരാതിയിൽ ഡിഡിപി വിശദമായ അന്വേഷണം നടത്തുകയും വാർഡംഗം കള്ളിയത്ത് ശരീഫിനെയും പഞ്ചായത്ത് സെക്രട്ടറിയേയും നേരിൽ കേട്ട് പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാർഡംഗത്തെ അറിയിക്കാതെ അടിയന്തരമായി വിളിച്ചുചേർത്ത ഗ്രാമസഭ പഞ്ചായത്ത് രാജ് നിയമപ്രകാരം തെറ്റായ നടപടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയോട‌് വിശദീകരണം തേടിയത‌്. ചൊവ്വാഴ‌്ചക്കുമുമ്പ‌് വിശദീകരണം നൽകാനാണ‌് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ‌്. ഈ പ്രശ്നം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നടന്നുവരുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here