‘തലച്ചോർ തിന്നുന്ന അമീബ’; പെരിന്തൽമണ്ണയിൽ പത്തുവയസ്സുകാരി മരിച്ചത് അപൂർവ മസ്തിഷ്കജ്വരത്താൽ
പെരിന്തൽമണ്ണയ്ക്കു സമീപം കഴിഞ്ഞ ദിവസം പത്തുവയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിലാണ് അപൂർവ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. ഇന്നലെ ഡിഎംഒ കെ.സക്കീയുടെ നേതൃത്വത്തിൽ ആരോഗ്യവിദഗ്ധർ യോഗം ചേർന്ന് പ്രതിരോധനടപടികൾക്ക് രൂപംനൽകുകയും ചികിത്സാപ്രോട്ടോക്കോൾ രൂപവൽക്കരിക്കുകയും ചെയ്തു. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കാണിക്കുന്നവരിൽനിന്ന് രക്തസാംപിളുകൾ ശേഖരിക്കാനും പരിശോധനയ്ക്കയയ്ക്കാനും സർക്കാർ, സ്വകാര്യ ആശുപത്രികളെ കോർത്തിണക്കി പ്രത്യേകസംവിധാനമൊരുക്കി. 2016ൽ ആലപ്പുഴയിൽ പെൺകുട്ടി മരിച്ചതാണ് കേരളത്തിലെ ആദ്യ അമീബിക് മെനിഞ്ചൈറ്റിസ് മരണം.
‘തലച്ചോർ തിന്നുന്ന അമീബ’ എന്നു വിശേഷണമുള്ള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തിൽനിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളിൽ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടർ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തിൽ കടക്കാം. നേരിട്ട് വെയിലേൽക്കുന്ന ജലാശയമായാൽപോലും 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടു താങ്ങാൻ ഈ അമീബയ്ക്കു കഴിയും.
നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നതു വഴി മരണം സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിൽ സാധാരണ കാണാറുള്ള അമീബയാണെങ്കിലും അപൂർവമായാണ് മെനിഞ്ചൈറ്റിസിനു കാരണമാകുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here