തന്റെ അരുമകളായ നാല് വളർത്തുപക്ഷികളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടുമുടി സ്വദേശി ദേവദാസ്
വളാഞ്ചേരി: ദേവദാസിന്റെ പക്ഷികൾ ഇനി കേരളത്തിന്റെ അതിജീവത്തിനായി ചിറകടിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരനായ അദ്ദേഹം തന്റെ അരുമകളായ നാല് അലങ്കാര വളർത്തുപക്ഷികളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അലങ്കാര വളർത്തുപക്ഷികളിൽ കോക്‌ടെയിൽ, ആഫ്രിക്കൻ ലൗബേർഡ് വിഭാഗത്തിൽപ്പെട്ട നാലെണ്ണത്തിനെയാണ് നൽകിയത്. ഈ കിളികൾക്ക് എണ്ണായിരം രൂപ വിലവരുമെന്ന് ദേവദാസ് പറയുന്നു. പ്രകൃതിസ്നേഹിയും പക്ഷികളുടെ കളിക്കൂട്ടുകാരനുമാണ് കൊടുമുടിയിലെ ദേവദാസ്.
ദേവദാസ് തന്റെ ഒരുമാസത്തെ ശമ്പളവും നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ദേവദാസ് തന്റെ വീടിന്റെ മട്ടുപ്പാവിൽ വ്യത്യസ്തങ്ങളായ നിരവധി കിളികളെ പരിപാലിക്കുന്നുണ്ട്. അധ്യാപികയായ ഭാര്യ ശ്രീജയും മകൾ വൈഗാദാസും സഹായത്തിനുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ കിളികളെ ഏറ്റുവാങ്ങി. കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ്ബാബു, യാസർ അറാഫത്ത് എന്നിവർ പങ്കെടുത്തു. കിളികളെ നറുക്കെടുപ്പിലൂടെ വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സക്കറിയ പറഞ്ഞു. ഒരു നറുക്കിന് ₹100 രൂപ വീതം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 2 വിജയികളെ തിരഞ്ഞെടുക്കും. ഇവർക്ക് ഓരോ ജോഡി പക്ഷികളെ നൽകും. രജിസ്റ്റർ ചെയ്തു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. നറുക്കെടുപ്പിന് താൽപര്യമുള്ളവർ ബന്ധപ്പെടുക.9895421056
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here