തിരൂർ റെയിൽവേ സ്റ്റേഷനിൽ കൊറിയൻ നിർമ്മിത സിഗരറ്റ് പിടികൂടി
തിരൂർ : ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം തിരൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേന പിടികൂടി. 35,000 പാക്കറ്റുകളിലായി ഏഴു ലക്ഷം സിഗരറ്റുകളാണ് പിടിച്ചെടുത്തത്. തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മംഗലാപുരത്ത് നിന്ന് ബുക്ക് ചെയ്തെത്തിയ 12 പാഴ്സൽ ബണ്ടിലുകളിലാണ് സിഗരറ്റ് സൂക്ഷിച്ചത്. മംഗള എക്സ്പ്രസിലും നാഗർകോവിൽ-മംഗലാപുരം തീവണ്ടിയിലുമാണ് നികുതി വെട്ടിച്ച് ഈ സിഗരറ്റുപെട്ടികൾ തിരൂരിൽ കൊണ്ടുവന്നിറക്കിയത്.
ആർ.പി.എഫ്. കമാൻഡൻറ് ജിതിൻ ബി. രാജിന്റെ നിർദേശപ്രകാരം പാലക്കാട് ആർ.പി.എഫ്. ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും തിരൂർ ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഇൻസ്പെക്ടർ എൻ. കേശവദാസ്, എസ്.ഐ. അജിത്ത് അശോക്, എ.എസ്.ഐ.മാരായ കെ. സാജു, സജി അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘം സിഗരറ്റുകൾ പിടിച്ചെടുത്തത്. ഇവ കോഴിക്കോട് കംസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി. പാലക്കാട് രണ്ടു തവണയും കണ്ണൂരിൽ ഒരു തവണയും ഇപ്പോൾ തിരൂരുമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here