പ്രളയക്കെടുതിയുടെ റിപ്പോർട്ട് സമർപ്പണവും പുനരധിവാസത്തിന്റെ ഏകോപനവും; കോട്ടക്കൽ മണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ എന്നിവ മുനിസിപ്പൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും. ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷൻ എന്നിവയും യോഗം അവലോകനം ചെയ്തു.
വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ പ്രശ്നങ്ങൾ അപകടരഹിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.ദുരിതബാധിതരുടെ വീടുകൾ താമസ യോഗ്യമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെക്കൂടി പങ്കാളികളാക്കും.
തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുനിസിപ്പൽ ,പഞ്ചായത്ത് തലങ്ങളിൽ അടിയന്തിര യോഗങ്ങൾ ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്രമ രഹിതമായി നേതൃത്വം നൽകിയ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവർത്തകരേയും വിവിധ തരത്തിൽ സഹായമെത്തിച്ചവരേയും യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും അധ്യക്ഷന്മാരായ എം.ഷാഹിന ടീച്ചർ(വളാഞ്ചേരി), കെ.കെ.നാസർ (കോട്ടക്കൽ) കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ), എ.പി.മൊയ്തീൻകുട്ടി മാസ്റ്റർ (മാറാക്കര), കെ.മൊയ്തീൻ (പൊന്മള), ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി.ഷംല, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ, കെ.ടി.സിദ്ദീഖ്, പരീത് കരേക്കാട്, എ.പി. സബാഹ്, മാണിക്യൻ, ടി.കെ. റസീന, കുറ്റിപ്പുറം ബ്ലോക്ക് ബി.ഡി.ഒ കെ. അജിത, ബ്ലോക്ക് എം. ആർ.ഡി ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ.പി.വേലായുധൻ, സുഭാഷിനി ടി.കെ (പി.ഡബ്ല്യു.ഡി.), പ്രകാശ് ബാബു (എൽ.എസ്.ജി.ഡി.), അരുൺകുമാർ കെ.വി. (കോട്ടക്കൽ കൃഷി അസിസ്റ്റന്റ്) എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ മുനിസിപ്പൽ-പഞ്ചായത്ത് തലങ്ങളിൽ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്, തദ്ദേശശസ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here