കോട്ടയ്ക്കൽ പൂരം മാർച്ച് 28 മുതൽ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ പൂരം എന്നപേരിൽ അറിയപ്പെടുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവം മാർച്ച് 28 മുതൽ ഏപ്രിൽ മൂന്നുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടക്കും. 28-ന് രാവിലെ എഴുന്നളിപ്പ്, നാഗസ്വരം എന്നിവയോടെ പരിപാടികൾക്ക് തുടക്കമാകും.
അന്ന് വൈകുന്നേരം ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക നാഗസ്വരമുണ്ടാകും. പനമണ്ണ ശശി നയിക്കുന്ന പ്രത്യേക തായമ്പകയാണ് മറ്റൊരു പ്രധാന പരിപാടി. 29 മുതൽ ഏപ്രിൽ മൂന്നുവരെ എല്ലാദിവസവും എഴുന്നള്ളിപ്പ്, നാഗസ്വരം, പാഠകം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, എഴുന്നള്ളിപ്പ്, സന്ധ്യവേല, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുണ്ടാകും. 29-നും 30-നും 31-നും വൈകുന്നേരം 6.30 മുതൽ 9.30 വരെ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന കഥകളിയുണ്ടാകും.
ഒന്നിന് വൈകുന്നേരം കോട്ടയ്ക്കൽ രഞ്ജിത്ത് വാരിയരുടെ സംഗീതക്കച്ചേരി, വി.എസ്. ഗോകുലിന്റെ വയലിൻ കച്ചേരി എന്നിവ നടക്കും. ഒന്നിന് വൈകുന്നേരം തൃപ്രങ്ങോട് പരമേശ്വര മാരാർ, രണ്ടിന് കോട്ടയ്ക്കൽ രവി മാരാർ, മൂന്നിന് പോരൂർ ഉണ്ണികൃഷ്ണൻ, നാലിന് കോട്ടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്നിവർ തായമ്പക അവതരിപ്പിക്കും. നാലു മുതൽ എട്ടുവരെ തീയതികളിൽ അക്ഷരശ്ലോക സദസ്സ്, ഓട്ടൻതുള്ളൽ, കളമെഴുത്തുപാട്ട്, അയ്യപ്പൻപാട്ട്, ഭഗവതിപ്പാട്ട്, ആത്മീയപ്രഭാഷണം, കൈകൊട്ടിക്കളി തുടങ്ങിയ അനുബന്ധ പരിപാടികളുമുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here