പാതിവഴിയിൽ നിർമാണം നിലച്ച നിർധന കുടുംബത്തിന്റെ വീടിനു കാരുണ്യവെളിച്ചം പകർന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥർ
കുറ്റിപ്പുറം:ഗൃഹനാഥന്റെ മരണത്തോടെ നിർമാണം നിലച്ച കഴുത്തല്ലൂരിലെ വീട്ടിലാണ് കുറ്റിപ്പുറം കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്നേഹസമ്മാനമായി വൈദ്യുതി എത്തിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ 14-ാം വാർഡിലെ ചെറ്റാരി പള്ളിയാലിൽ പാത്തുമ്മുവിന്റെ മകൾ റസിയയ്(34)ക്കും കുട്ടികൾക്കുമായി ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം നിർമാണം ആരംഭിച്ച വീട്ടിലെ വൈദ്യുതീകരണ ജോലികൾ കെഎസ്‌ഇബി ജീവനക്കാരുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. റസിയയുടെ ഭർത്താവ് അബ്ദുൽ അസീസ് കഴിഞ്ഞ വർഷമാണ് മരിച്ചത്.
ഇതോടെ മൂന്നു കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് വീടുപണി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ്കെഎസ്‌ഇബി ഉദ്യോഗസ്ഥർ സഹായവുമായി എത്തിയത്. വൈദ്യുതീകരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കേന്ദ്ര സർക്കാരിന്റെ പദ്ധതിപ്രകാരം വീട്ടിലേക്കു വൈദ്യുതി കാലുകൾ സ്ഥാപിച്ചു ലൈനും വലിച്ചു. ഇന്നലെ വൈകിട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഒ.പി.വേലായുധൻ സ്വിച്ച് ഓൺ ചെയ്തതോടെ വീട്ടിൽ വിളക്കുകൾ പ്രകാശിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് എൻജിനീയർ എൻ.സി.ശിവദാസൻ ആധ്യക്ഷ്യം വഹിച്ചു. സബ് എൻജിനീയർമാരായ പി.നാസർ, കെ.ജെ.ശരൺ, എം.സന്തോഷ് എന്നിവർ പ്രസംഗിച്ചു. വൈദ്യുതി ലഭിച്ചെങ്കിലും വീടിനു വാതിലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ താമസയോഗ്യമായിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here