കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; ‘മിന്നൽ’ സർവീസിന്റെ ഡ്രൈവർക്ക് മർദനം
തിരൂർ ∙ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ‘മിന്നൽ’ സർവീസിന്റെ ഡ്രൈവർക്ക് മർദനം. തലയ്ക്ക് അടിയേറ്റ തിരുവനന്തപുരം നെടുമങ്ങാട് പാലോട് തോപ്പിൽ വീട്ടിൽ നജീം (35) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം തിരുനാവായ ടോൾ ബൂത്തിനു സമീപമാണ് സംഭവം. കാസർകോട്–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസ് പുത്തനത്താണിയിൽ കാറിന് വശം നൽകിയിെല്ലന്നാരോപിച്ചാണ് സംഘം 15 കിലോമീറ്റർ പിന്തുടർന്ന് ബസ് തടഞ്ഞത്. ബസിനുള്ളിൽ കയറാൻ തുടങ്ങിയ സംഘത്തെ ബസ് യാത്രക്കാർ തടഞ്ഞു. യാത്രക്കാരെ വേറെ ബസിൽ കയറ്റിവിട്ടു. കണ്ടക്ടറാണ് ബസ് തൃശ്ശൂരിലെ ഡിപ്പോയിലെത്തിച്ചത്. കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും എത്തി നജീമിനെ കുറ്റിപ്പുറം ഗവ. ആ ശുപത്രിയിൽ പ്രവേശിച്ചു. കാർനമ്പർ സഹിതം തിരൂർ പോലീസിൽ പരാതി നൽകി.
മദ്യപിച്ചെത്തിയ സംഘം അസഭ്യം പറഞ്ഞ് ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരൂർ പൊലീസ് കേസെടുത്തു. കാറിൽ കടന്നുകളഞ്ഞ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here