കെഎസ്ആർടിസി മലപ്പുറം ‐മൂന്നാർ ഉല്ലാസയാത്ര ഇന്ന് ആരംഭിക്കും
മലപ്പുറം: കണ്ണിനെയും മനസ്സിനെയും വിസ്മയിപ്പിക്കുന്ന മൂന്നാർ കാഴ്ചകൾ അടുത്തറിയാൻ കെഎസ്ആർടിസി ഒരുക്കുന്ന മലപ്പുറം–- മൂന്നാർ ഉല്ലാസയാത്ര ശനിയാഴ്ച ആ3രംഭിക്കും. 50 യാത്രക്കാരുമായി ആദ്യ സൂപ്പർ ഫാസ്റ്റ് ബസ് പകൽ ഒന്നിന് മലപ്പുറം ഡിപ്പോയിൽനിന്ന് യാത്ര തിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലെ ടിക്കറ്റും ഹൗസ് ഫുള്ളാണ്. വാരാന്ത്യത്തിൽ ഒരുക്കിയിരുന്ന യാത്രക്ക് ആവശ്യക്കാർ കൂടിയതോടെ തിങ്കളാഴ്ചയിലേക്കും നീട്ടുകയായിരുന്നു.
കെഎസ്ആർടിസിയെ സാമ്പത്തികമായി ഉയർത്താൻ സംസ്ഥാന സർക്കാരും ഗതാഗത വകുപ്പും ചേർന്ന് ഒരുക്കുന്ന ഉല്ലാസ യാത്രക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മലപ്പുറം കൂടാതെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലയിൽനിന്നുള്ള കുടുംബങ്ങളാണ് യാത്രക്കാർ. ഒരാൾക്ക് മലപ്പുറത്തുനിന്ന് സൂപ്പർ ഫാസ്റ്റ് ബസിൽ 1000 രൂപയും സൂപ്പർ ഡീലെക്സ് 1200 ഉം, എ സി ലോഫ്ലോർ വോൾവോയിൽ 1500 രൂപയുമാണ് മൂന്നാറിൽ പോയി തിരിച്ചുവരാൻ ചെലവ്. 200 രൂപ സൈറ്റ് പ്രവേശനത്തിനും 100 രൂപ താമസ ചാർജുമാണ്. ഭക്ഷണ ചെലവ് സ്വയം വഹിക്കണം.
പകൽ ഒന്നിന് പുറപ്പെട്ട് രാത്രിയോടെ ബസ് മൂന്നാർ ഡിപ്പോയിലെത്തും. താമസം ഡിപ്പോയിൽ ക്രമീകരിച്ച എസി സ്ലീപ്പർ ക്ലാസ് ബസുകളിലാണ്. രാവിലെ 10ന് പ്രത്യേക ബസുകളിൽ ടൂറിസം കേന്ദ്രങ്ങളിലെത്തും. ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി അണക്കെട്ട്, കുണ്ടള അണക്കെട്ട്, ടോപ് സ്റ്റേഷൻ തുടങ്ങി പത്തോളം കേന്ദ്രങ്ങളിലെ സന്ദർശത്തിനുശേഷം വൈകിട്ട് ആറിന് ഡിപ്പോയിൽ തിരിച്ചെത്തും. രാത്രി ക്യാമ്പ് ഫയറിന് ശേഷം യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ മലപ്പുറത്തെത്തുന്നതാണ് പാക്കേജ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here