പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിനെ കെഎസ്ആർടിസി കയ്യൊഴിഞ്ഞു
ഓണപ്പുട: കെഎസ്ആർടിസി ക്ക് ഏറെ ലാഭകരമായിരുന്ന പെരിന്തൽമണ്ണ–വളാഞ്ചേരി ദേശസാൽക്കൃത റൂട്ടിനെ കയ്യൊഴിഞ്ഞ് കെഎസ്ആർടിസി. നേരത്തേ സ്വകാര്യ ബസുകൾ മാത്രമുണ്ടായിരുന്ന റൂട്ടിനെ ദേശസാൽക്കൃത റൂട്ടായി പ്രഖ്യാപിച്ചതിനു ശേഷം പതിനാലോളം കെഎസ്ആർടിസി ബസുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. അശാസ്‍ത്രീയമായ സമയക്രമം മൂലം പലപ്പോഴും കോൺവോയ് ആയാണ് സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയത്. എന്നിട്ടും ശരാശരി ലാഭത്തിലായിരുന്നു മിക്ക കെഎസ്ആർടിസി ബസുകളും ഓടിയിരുന്നത്. എന്നാൽ പിന്നീട് മുടന്തൻ ന്യായങ്ങൾ നിരത്തി ബസുകൾ ഒന്നൊന്നായി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ റൂട്ടിൽ എപ്പോഴെങ്കിലും ഒരു കെഎസ്ആർടിസി ബസ് വന്നെങ്കിലായി എന്നതാണു സ്ഥിതി.
ഇതുകാരണം വലിയ യാത്രാദുരിതം അനുഭവിക്കുകയാണ് ഈ റൂട്ടിൽ പൊതുജനം. പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിലോടിയിരുന്ന ബസുകളെല്ലാം മറ്റു റൂട്ടുകളിലേക്കായി വഴിതിരിച്ചുവിടും . ചില ബസുകൾ കട്ടപ്പുറത്തുകയറുകയുമായിരുന്നു. അതേസമയം ദേശസാൽക്കൃത റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റ് നൽകുന്നുമില്ല. നിലവിലുള്ള സ്വകാര്യ ബസുകളേതെങ്കിലും സർവീസ് നിർത്തിയാൽ ആ പെർമിറ്റ് ഇല്ലാതാവുമെന്നല്ലാതെ പുതിയ പെർമിറ്റുണ്ടാവാറില്ല. ഇതുമൂലം സ്വകാര്യ ബസുകളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് സമയനഷ്‍ടം വരുത്തുന്നതു മൂലം പലപ്പോഴും സ്വകാര്യ ബസുകൾ ട്രിപ്പ് ഉപേക്ഷിക്കാറുമുണ്ട്. അപ്പോഴും വലയുന്നത് യാത്രക്കാരാണ്.
മെഡിക്കൽ കോളജും നഴ്‍സിങ് കോളജും 3 ആർട്സ് കോളജുകളും സ്‍കൂളുകളും ഉൾപ്പെടെ ഈ റൂട്ടിൽ ബസുകളെ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുണ്ട്. ഗ്രാമീണ മേഖലകളിലേക്ക് ദിവസവും ആയിരക്കണക്കിനു യാത്രക്കാരുമുണ്ട്. ഈ റൂട്ടിൽ മുൻപ് 5 മിനിറ്റിനുള്ളിൽ ഒരു ബസ്സ് ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ബസുകൾക്കായി പലപ്പോഴും അര മണിക്കൂറും ഒരു മണിക്കൂറും വരെ കാത്തുനിൽക്കേണ്ട സ്ഥിതിയാണുള്ളത്. ഉള്ള ബസുകളിലാകട്ടെ രണ്ടു ബസുകളിലേക്കുള്ള ആളുമുണ്ടാവും. ഈ റൂട്ടിൽ സഞ്ചരിക്കുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ കഷ്‍ടപ്പെടുന്നത്. രാത്രി എട്ടു കഴിഞ്ഞാൽ പിന്നെ റൂട്ടിൽ ടാക്‌സിയോ ഓട്ടോറിക്ഷയോ പിടിക്കുകയേ മാർഗമുള്ളൂ. ഈ റൂട്ടിലേക്ക് അനുവദിച്ചിരുന്ന വഴിമാറ്റിയ ബസുകളെല്ലാം തിരിച്ചെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുനേരെ കാലങ്ങളായി അധികൃതർ മുഖംതിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here