കരിപ്പൂർ വിമാനത്താവളത്തിലേക്ക് എ.സി ലോ ഫ്ലോർ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി
മലപ്പുറം ∙ നെടുമ്പാശേരി വിമാനത്താവളത്തെ ‘മലപ്പുറത്തെത്തിച്ച’ ശേഷം കരിപ്പൂർ വിമാനത്താവളത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി ബന്ധിപ്പിക്കാൻ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസ് സർവീസ് തുടങ്ങുന്നു. വിമാനസമയക്രമം നോക്കിയാണ് രണ്ട് സർവീസുകൾ തുടങ്ങാൻ ശുപാർശ ചെയ്തിരിക്കുന്നത്. വൈകിട്ട് ആറിന് നെടുമ്പാശേരിയിലേക്കുള്ള പരീക്ഷണഓട്ടം വിജയകരമായതോടെ അത് സ്ഥിരംസർവീസ് ആക്കണമെന്ന ശുപാർശയും പരിഗണനയിലാണ്. മാസങ്ങളോളം നിർത്തിയിട്ട ബസുകൾ അറ്റകുറ്റപ്പണി കഴിഞ്ഞ് തിരിച്ചെത്തുകയും ലാഭകരമല്ലാത്ത രണ്ടു സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്താണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യാത്രക്കാർക്ക് രാത്രി വൈകിയും അതിരാവിലെയും കരിപ്പൂർ വിമാനത്താവളത്തിലെത്താനും തിരിച്ചുപോകാനും സൗകര്യമൊരുക്കുന്ന രണ്ടു സർവീസുകളാണ് ശുപാർശ ചെയ്തിരിക്കുന്നത്. മലപ്പുറം–കരിപ്പൂർ–കോഴിക്കോട്–കണ്ണൂർ–കാഞ്ഞങ്ങാട് റൂട്ടിലാണ് സർവീസ്. അതേ റൂട്ടിലൂടെ തിരികെയെത്തും. പുലർച്ച മൂന്നരയ്ക്ക് മലപ്പുറത്തുനിന്ന് പുറപ്പെട്ട് കരിപ്പൂരിൽ അൽപനേരം കാത്തുനിന്നാണ് കാഞ്ഞങ്ങാട്ടേക്കു പോവുക. രണ്ടാംബസ് രാവിലെ ഒൻപതോടെ പുറപ്പെടും. രാത്രി വൈകിയും പുലർച്ചെയുമായി ബസുകൾ തിരികെ കരിപ്പൂരിലെത്തും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here