എം.ഇ.എസ്. മമ്പാട് കോളേജില്‍ കെ.എസ്.യു. കമ്മിറ്റി പിരിച്ചുവിട്ടു
മമ്പാട്: എം.ഇ.എസ്. മമ്പാട് കോളേജില്‍ കെ.എസ്.യു. കമ്മിറ്റി പിരിച്ചുവിട്ടതായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. കെ.സി. നസീം പറഞ്ഞു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിരുദ്ധ നിലപാട് സ്വീകരിച്ചതിനാലാണ് നടപടി.
യു.ഡി.എഫ്. സഖ്യനിലപാട് പാലിച്ചിരുന്നെങ്കില്‍ മുഴുവന്‍ സീറ്റുകളും നേടാമായിരുന്നുവെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തിയതായും അഡ്വ. നസീം പറഞ്ഞു. എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ സാഹചര്യമൊരുക്കിയ നടപടി തീര്‍ത്തും തെറ്റാണെന്നാണ് വിലയിരുത്തല്‍. ഒറ്റയ്ക്ക് മത്സരിച്ചാലും എസ്.എഫ്.ഐയ്ക്ക് സഹായകരമായ നിലപാട് സ്വീകരിക്കരുതെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. എസ്.എഫ്.ഐയുമായുള്ള കൂട്ടുകെട്ടിനെതിരെ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും സൂചനകളുണ്ട്.
ഏതാനും വര്‍ഷങ്ങളായി മമ്പാട് കോളേജില്‍ എം.എസ്.എഫും കെ.എസ്.യുവും അകല്‍ച്ചയിലാണ്. കഴിഞ്ഞവര്‍ഷവും എസ്.എഫ്.ഐ-കെ.എസ്.യു. സഖ്യമാണ് വിജയിച്ചത്. ഇത്തവണ കൂട്ടുകെട്ട് ഒഴിവാക്കാന്‍ ഉന്നതനേതൃത്വം കടുത്ത സമ്മര്‍ദങ്ങള്‍ ചെലുത്തിയെങ്കിലും വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം കടുത്ത എം.എസ്.എഫ്. വിരുദ്ധ മനോഭാവം പുലര്‍ത്തിയെന്നാണ് സൂചന.
അതേസമയം യു.ഡി.എഫ്. നേതൃത്വം വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നേതാക്കള്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടത്താത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഒരുവിഭാഗം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here