കുറ്റിപ്പുറം പാലത്തിൽ രാത്രിയാത്ര നിരോധനം; അറ്റകുറ്റപണികള്‍ക്കായി നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് പാലം അടച്ചിടും
കുറ്റിപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കും. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗതം നിര്‍ത്തിവെക്കുക. ഇന്റര്‍ ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ ആറിന് പ്രവൃത്തി തുടങ്ങും.
ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യാഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചര്‍ച്ച നടത്തി. ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. 34 ലക്ഷം രൂപയാണ് ചെലവ്.
ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ് തിരുനാവായ ബി.പി അങ്ങാടി ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകാവുന്നതാണ്.കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടല്‍ ആരാമത്തില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here