മയക്കുമരുന്ന് മാഫിയകളുടെ ഇടത്താവളമായി കുറ്റിപ്പുറം
കുറ്റിപ്പുറം: സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇടത്താവളമായി കുറ്റിപ്പുറം മാറുന്നു. ശനിയാഴ്‌ച പിടിച്ചെടുത്ത ആയിരത്തോളം മയക്കുമരുന്ന് ഗുളികകളുടെ ശേഖരം എറണാകുളം അടക്കമുള്ള വൻ നഗരങ്ങളിലെ നവവൽസരാഘോഷ പാർടികളിൽ വിതരണംചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു.
തൃശൂർ, എറണാകുളം, പാലക്കാട് റെയിൽവേ സ്‌റ്റേഷനുകളിൽ ആർപിഎഫിന്റെയും റെയിൽവേ പൊലീസിന്റെയും നിരീക്ഷണം കൂടുതലായതിനാലാണ് ഇവർ കുറ്റിപ്പുറത്തെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരു, ചെന്നൈ, ഗോവ, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽനിന്നും ട്രെയിനിൽ എത്താൻ കഴിയുന്നതും സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം ഇല്ലാത്തതും വണ്ടിയിറങ്ങി രണ്ടടി നടന്നാൽ തൃശൂർ, കൊച്ചി, തിരുവനന്തപുരംവരെയുള്ള ഏത് നഗരങ്ങളിലേക്കും എളുപ്പത്തിൽ ബസ് കിട്ടുമെന്നതും കുറ്റിപ്പുറത്തെ ഇത്തരക്കാര്‍ക്ക‌് സൗകര്യമാണ‌്. മുമ്പ‌് കഞ്ചാവ്, ബ്രൗൺ ഷുഗർ, അടക്കമുള്ള ലഹരിവസ്തുക്കൾ കുറ്റിപ്പുറത്ത് പിടികൂടിയിട്ടുണ്ട‌്. നേരത്തെ ഗോവ, മാഹി എന്നിവിടങ്ങളിൽനിന്നുള്ള വിദേശമദ്യക്കടത്ത് സംഘവും കുറ്റിപ്പുറം താവളമാക്കിയിരുന്നു. പൊലീസ് പരിശോധന കർശനമാക്കിയതോടെ ഇവർ സ്ഥലംവിട്ടു.
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള കഞ്ചാവ് കടത്ത് ലോബി കുറ്റിപ്പുറം മേഖലയിൽ താവളമടിക്കുന്നതും സ്ത്രീകളെ കാരിയർമാരായി ഉപയോഗിക്കുന്നതും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here