HomeNewsTrafficAlertകുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു

kuttippuram-diversion-threat

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു

കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ നടപ്പാക്കിയ ഗതാഗതനിയന്ത്രണം അപകടസാധ്യത സൃഷ്ടിക്കുന്നു. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ, ഗുരുവായൂർ, തിരൂർ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ റെയിൽവേ മേൽപ്പാലം കഴിഞ്ഞയുടനെ വലതുവശത്തുകൂടി ഹൈവേ ജങ്ഷനിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലൂടെ കയറി വലത്തെ സർവീസ് റോഡിലൂടെ ഇറങ്ങി മേൽപ്പാലത്തിനടിയിലൂടെ കുറ്റിപ്പുറം നഗരത്തിലേക്കു പ്രവേശിക്കണം.

പൊന്നാനി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് മേൽപ്പാലത്തിലൂടെ പോയി പുതിയ കുറ്റിപ്പുറം പാലം വഴി മിനി പമ്പയിലൂടെ യാത്രതുടരാം. ഈ ഗതാഗതപരിഷ്‌കാരത്തിൽ മൂന്നുഭാഗത്താണ് അപകടം പതിയിരിക്കുന്നത്. മേൽപ്പാലത്തിൽനിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്നിടവും മേൽപ്പാലത്തിനടിയിലെ റൗണ്ട് എബൗട്ടും റൗണ്ട് എബൗട്ടിൽനിന്ന് വലതുഭാഗത്തുകൂടി മേൽപ്പാലത്തിലേക്കു കയറുന്ന സർവീസ് റോഡിന്റെ അവസാനഭാഗവുമാണ് അപകടമേഖലകൾ.
kuttippuram-diversion-threat
വലതുവശത്തെ തിരൂർ റോഡിലേക്കുള്ള സർവീസ് റോഡിലേക്ക് മേൽപ്പാലത്തിൽനിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നിടത്താണ് ഏറ്റവും അപകടസാധ്യത. പുതിയ കുറ്റിപ്പുറം പാലത്തിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം മേൽപ്പാലത്തിൽനിന്നുള്ള വാഹനങ്ങൾക്ക് തിരൂർ റോഡിലേക്കുള്ള സർവീസ് റോഡിലേക്കു പ്രവേശിക്കാൻ. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മേൽപ്പാലത്തിൽനിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്നത് എളുപ്പവുമല്ല.

ഇത്തരം വാഹനങ്ങൾ മുൻപിലേക്കും പിറകിലേക്കും രണ്ടോ മൂന്നോ തവണ ചലിപ്പിച്ചതിനുശേഷമേ സർവീസ് റോഡിലേക്കു പ്രവേശിക്കാൻ കഴിയൂ. ഈ സമയത്ത് ഇരുഭാഗത്തും ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. റൗണ്ട് എബൗട്ടിൽ കുറ്റിപ്പുറം നഗരത്തിലേക്കുള്ള വാഹനങ്ങളും മേൽപ്പാലത്തിലേക്കുള്ള സർവീസ് റോഡിലേക്കു കയറുന്ന വാഹനങ്ങളും ഒരേസമയം സഞ്ചരിക്കുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഹൈവേ ജങ്ഷൻ വഴി വരുന്ന വാഹനങ്ങൾ സർവീസ് റോഡ് വഴി മേൽപ്പാലത്തിനു മുകളിലേക്ക് പ്രവേശിക്കുമ്പോൾ കുറ്റിപ്പുറം പുതിയ പാലത്തിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!