തരിശ് ഭൂമിയിൽ സുര്യകാന്തി പാടങ്ങളൊരുക്കി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്
കുറ്റിപ്പുറം:സൂര്യകാന്തി കൃഷിയിലൂടെ തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട മുന്നേറ്റത്തിനൊരുങ്ങുകയാണ് കുറ്റിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തരിശ്ശായി കിടക്കുന്ന ഭൂമികൾ ഇനി സൂര്യകാന്തിപ്പാടങ്ങളാകും. ആദ്യഘട്ടത്തിൽ 70 സെന്റ് സ്ഥലത്ത് നടപ്പാക്കിയ സൂര്യകാന്തി കൃഷി വൻ വിജയമായതോടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും.
കുറ്റിപ്പുറം പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ സ്ഥലം പാട്ടത്തിനെടുത്താണ് ഇപ്പോൾ സൂര്യകാന്തി കൃഷി ഇറക്കിയിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നെത്തിച്ച വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. മൂന്ന് മാസംകൊണ്ട് വിളവെടുക്കാം. നല്ല വെയിലും വെള്ളവും ലഭിക്കുന്ന സ്ഥലം കൃഷിക്ക് യോജ്യമാണ്. 350 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് 70 സെന്റ് സ്ഥലത്തെ കൃഷി പൂർത്തിയാക്കിയത്.
വിവിധ വാർഡുകളിൽ കൃഷിയിറക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഉണക്കിയെടുക്കുന്ന പൂക്കൾ വിവിധ സ്ഥാപനങ്ങൾക്ക് വിൽപന നടത്താനാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതി പ്രകാരം സൂര്യകാന്തി കൃഷിയിറക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് കുറ്റിപ്പുറമെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here