കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന്
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് രാവിലെ 11-ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരം മുസ്‌ലിംലീഗിനാണ് ഇനി പ്രസിഡന്റ് സ്ഥാനം. ഇവിടെ വനിതാ സംവരണമാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസ്സിലെ റിജിത ഷലീജ് ഓഗസ്റ്റ് 24-ന് രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു കൂടി കഴിയുമ്പോൾ ഇതിനകം പ്രസിഡന്റ് പദം പങ്കിടുന്നത് നാലു പേരാണ്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുസ്‌ലിംലീഗിലെ റംല കറുത്തേടത്ത് ആയിരുന്നു പ്രസിഡന്റ്. അവരുടെ മരണത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗ് കോൺഗ്രസ്സിനു നൽകി.
കോൺഗ്രസ്സിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗവും തർക്കം ഉണ്ടാവുകയും പിന്നീട് ഇരുവിഭാഗത്തിൽ നിന്നുമുള്ള ഫസീന അഹമ്മദ്കുട്ടിയെയും റിജിത ഷലീജിനെയും പകുതി കാലയളവു വീതം പ്രസിഡന്റാക്കാൻ ധാരണയാവുകയായിരുന്നു. തുടർന്ന് 2022 മേയിൽ ഫസീന അഹമ്മദ്കുട്ടി പ്രസിഡന്റായി. പിന്നീട് ഈ വർഷം മാർച്ച് 16-ന് റിജിത ഷലീജും പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ മുസ്‌ലിംലീഗിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ കോൺഗ്രസിലും തർക്കം നിലനിൽക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിംലീഗിൽ നിന്നും മൂന്നുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിൽനിന്നു രണ്ടു പേരുമാണ് ഉയർന്നു കേൾക്കുന്നത്. 23 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 15 അംഗങ്ങളും സി.പി.എമ്മിന് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here