കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന് തുടക്കമായി
വളാഞ്ചേരി : വിളംബര ഘോഷയാത്രയോടെ കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വളാഞ്ചേരി ടി.ആർ.കെ.യു.പി. സ്കൂളിൽനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരത്തിലൂടെ ദേശീയപാതയിലെ മീമ്പാറ വഴി കലോത്സവ നഗരിയിൽ സമാപിച്ചു. എസ്.പി.സി., ജെ.ആർ.സി., എൻ.എസ്.എസ്., സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ക്ലബ്ബുകൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി. വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും അണിനിരന്നു.
സ്വാഗതസംഘം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ജനറൽ കൺവീനർ പി. സുധീർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ്, റംല മുഹമ്മദ്, മുജീബ് വാലാസി, കെ.വി. ഉണ്ണിക്കൃഷ്ണൻ, സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, വെസ്റ്റേൺ പ്രഭാകരൻ, നസീർ തിരൂർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യ ദിവസം ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ കലാപരിപാടികളാണ് നടന്നത്. തുടർന്ന് സ്റ്റേജിതരമത്സരങ്ങളുമുണ്ടായി. തിങ്കളാഴ്ച രാവിലെ 10-ന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ ഉദ്ഘാടനംചെയ്യും. ബുധനാഴ്ചയാണ് സമാപനം. വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും വേദികളുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here