കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം 19-ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു
കുറ്റിപ്പുറം : ഉപജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 23 വരെ കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജൂനിയർ ടെക്നിക്കൽ ഹൈസ്കൂൾ, പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് വേദികളിലായാണ് മത്സരങ്ങൾ. 20-ന് നടക്കുന്ന പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവത്തോടൊപ്പം ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. 21-ന് രാവിലെ 9 മണിക്ക് ജൂനിയർ ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന് ഹയർസെക്കൻഡറി സ്കൂളിലേക്ക് വിളംബരജാഥ നടക്കും. വൈകുന്നേരം നാലുമണിക്ക് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കലാമേള ഉദ്ഘാടനം ചെയ്യും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന മേളയിൽ കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്കൂളിലെ വിദ്യാർഥികൾ ഭക്ഷണ പവിലിയനും ലഹരിവിരുദ്ധ കോർണറും ഒരുക്കും. കരിപ്പോൾ സ്കൂളിലെ അധ്യാപകൻ ശ്രീനിവാസൻ വരച്ച കലോത്സവ ലോഗോയുടെ പ്രകാശനം സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു. എ.ഇ.ഒ. വി.കെ. ഹരീഷ്, പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാർ, എം. ഷീബ, ശാരദാമണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here