HomeNewsCrimeFraudവ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ ലാബിനെതിരെ നടപടി

വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ ലാബിനെതിരെ നടപടി

corona-virus-result

വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ ലാബിനെതിരെ നടപടി

വളാഞ്ചേരി: വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിന്മേൽ വളാഞ്ചേരിയിലെ സ്വകാര്യ ലാബിനെതിരെ പോലീസ് നടപടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് പ്രവർത്തിക്കുന്ന ലാബാണ് പൊലീസ് സീൽ ചെയ്തത്. സ്ഥാപനം ഒരാളുടെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് 2,750 രൂപയാണ്. ഓരോ ദിവസവും കോവിഡ് പരിശോധനയ്ക്കെത്തുന്നവരുടെ സ്രവമെടുത്ത് ബന്ധപ്പെട്ട രേഖകൾസഹിതം വൈകുന്നേരം കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ എത്തിക്കുന്ന ചുമതലയാണ് ലാബിനുള്ളത്. ഇതിന് ഇവർക്ക് 500 രൂപയാണ് ലഭിക്കുക. പരിശോധന നടത്തുന്ന മൈക്രോ ലാബിന് 2,250 രൂപയും. ദിവസവും അമ്പതോളം പരിശോധനകളാണ് ഇങ്ങനെ നടത്തിയിരുന്നത്. ഫലം വരുന്നമുറയ്ക്ക് ആളുകൾക്ക് നൽകുകയായിരുന്നു പതിവ്. ഈ മാസം 14 ആം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് വളാഞ്ചേരിയിലെ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളിൽ നിന്ന് സ്വാബ് സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. മൈക്രോ ഹെൽത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികൾക്ക് റിസൾട്ട് നൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ഫ്രാഞ്ചൈസികളായ ലബോറട്ടറികൾക്ക് റിസൾട്ട് നൽകൂ. കോവിഡ് പോസിറ്റീവായാൽ നേരിട്ട് ആരോഗ്യ വകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് മാത്രമേ റിസൾട്ട് നൽകൂ. എന്നാൽ വളാഞ്ചേരിയിലെ ലബോറട്ടറി ഉടമ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് ലാബ് അടച്ച് പൂട്ടി സീൽ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടമയ്ക്കെതിരെ കേസെടുത്തു. വ്യാജമായി സർട്ടിഫിക്കറ്റ് നിർമിച്ച് ഒറിജിനലാണെന്ന വ്യാജേന ഉപയോഗിക്കാൻ നൽകി സാമ്പത്തിക ലാഭത്തിന് ശ്രമിച്ചതായാണ് കേസ്. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണ്. എസ്.ഐ എം.കെ മുരളീകൃഷ്ണൻ, പ്രൊബേഷണറി എസ്.ഐ മധു ബാലകൃഷ്ണൻ, എസ്.ഐ ഇക്ബാൽ, സി.പി.ഒമാരായ അക്ബർ, ഷെഫീഖ്, ദീപു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!