HomeNewsPublic Issueമലപ്പുറത്തോട്​ അവഗണന; ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് മിന്നൽ ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല

മലപ്പുറത്തോട്​ അവഗണന; ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് മിന്നൽ ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല

ksrtc-minnal

മലപ്പുറത്തോട്​ അവഗണന; ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് മിന്നൽ ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല

മലപ്പുറം: ട്രെയിനുകളേക്കാൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന കെ.എസ്.ആർ.ടി.സി മിന്നൽ സർവിസുകൾക്ക് ജില്ലയോട് അവഗണന. ദേശീയപാത 66ലൂടെ ഒാടുന്ന മൂന്ന് ബസുകളിൽ ഒന്നിന് പോലും തൃശൂരിനും കോഴിക്കോടിനും ഇടയിൽ സ്റ്റോപ്പില്ല. കുറ്റിപ്പുറം, ചങ്കുവെട്ടി (കോട്ടക്കൽ), യൂനിവേഴ്സിറ്റി വഴി 70 കിലോ മീറ്റർ ഇവ ജില്ലയിലൂടെ സഞ്ചരിക്കുന്നുണ്ട്. പാല-കാസർകോട്, തിരുവനന്തപുരം-കണ്ണൂർ, കോട്ടയം-കാസർകോട് മിന്നൽ സർവിസുകളാണ് ദേശീയപാത 66ലൂടെ ഓടുന്നത്. തൃശൂർ കഴിഞ്ഞാൽ കോഴിക്കോടാണ് സ്റ്റോപ്. കോട്ടക്കൽ, യൂനിവേഴ്സിറ്റി ഉൾപ്പെടെ സുപ്രധാന കേന്ദ്രങ്ങളിലൂടെ പോവുന്ന ഇവക്ക് ജില്ലയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. പാലായിലടക്കം പഠിക്കുന്ന നിരവധി വിദ്യാർഥികൾക്കും രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുൾപ്പെടെ യാത്രക്കാർക്കും ഇത് ആശ്വാസമാവും. കക്കാടോ കൊളപ്പുറത്തോ സ്റ്റോപ് അനുവദിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എ.ആർ നഗർ നിവാസികൾ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് നിവേദനം നൽകിയിരുന്നു. ഷെഡ്യൂൾ ചെയ്തിടത്ത് മാത്രം നിർത്തുന്നതിനാണ് വ്യവസ്ഥയെന്നും പുതിയ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നുമാണ് സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് കെ.എസ്.ആർ.ടി.സിക്ക് സമർപ്പിച്ച വിവരാവകാശ അപേക്ഷയിന്മേൽ ലഭിച്ച മറുപടി. ഗതാഗതമന്ത്രി, തിരൂരങ്ങാടി എം.എൽ.എ തുടങ്ങിയവർക്കും സൊസൈറ്റി നിവേദനം നൽകിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിലൂടെ കടന്നുപോവുന്ന തിരുവനന്തപുരം-മാനന്തവാടി, തിരുവനന്തപുരം-സുൽത്താൻ ബത്തേരി സർവിസുകൾക്ക് തൃശൂരിനും താമരശ്ശേരിക്കുമിടയിൽ പെരിന്തൽമണ്ണയിൽ സ്റ്റോപ്പുണ്ട്. ഇത് മാത്രമാണ് ജില്ലയിൽ മിന്നൽ സർവിസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ആശ്വാസം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!