കപീഷ് വീണ്ടുമെത്തുന്നു ; പുസ്‌തകരൂപത്തിൽ വായനക്കാരിലേക്ക്
കോഴിക്കോട്: യഥേഷ്‌ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ് വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂമ്പാറ്റ’യിലൂടെ പല തലമുറകളിലെ ലക്ഷക്കണക്കിന് കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ് പുസ്‌തകരൂപത്തിൽ ചിങ്ങം ഒന്നിന് വായനക്കാരിലെത്തുന്നത്. 1978 ജൂൺ മുതൽ 89 ഒക്ടോബർ വരെയാണ് പൂമ്പാറ്റയിൽ കപീഷ് ഉണ്ടായിരുന്നത്. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ ‘ബാലരമ’യിലേക്ക് ചേക്കേറിയ കപീഷ് രണ്ടായിരംവരെ തുടർന്നു. ഇപ്പോൾ രണ്ടുപതിറ്റാണ്ടിനുശേഷമാണ് വീണ്ടുമെത്തുന്നത്.
എഴുത്തുകാരനായ അനന്ത പൈയും ചിത്രകാരൻ മോഹൻദാസുമായിരുന്നു കപീഷിന്റെ ശിൽപ്പികൾ. ഗൃഹാതുരമായ ഓർമകളുണർത്തി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന കട്ട് കളറിലാണ് പുസ്‌തകരൂപത്തിൽ മടങ്ങിവരവ്. പൂമ്പാറ്റ മാഗസിൻ എന്ന പേരിൽ ഫേസ്‌ബുക്കിൽ രൂപീകരിച്ച കൂട്ടായ്‌മയുടെ നിരന്തരമായ ഇടപെടലിലാണ് കുട്ടിക്കുറുമ്പൻ മടങ്ങിയെത്തുന്നത്. കഡുവനം എന്ന വലിയ കാട്ടിലെ രസകരമായ സംഭവങ്ങളാണ് കപീഷ് എന്ന ചിത്രകഥയിലൂടെ കുട്ടികളിലേക്ക് എത്തിയത്. പിന്റു, ബന്ദില, മോട്ടു തുടങ്ങിയ രസികൻ കഥാപാത്രങ്ങളും കപീഷിന് കൂട്ടായി ഉണ്ടായിരുന്നു. പൈകോ പ്രസിദ്ധീകരണമായ പൂമ്പാറ്റയിൽ കപീഷിന് ഏറെ വായനക്കാരുണ്ടായിരുന്നു.
പൂമ്പാറ്റ എഡിറ്ററും കേരള സാഹിത്യഅക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന ആർ ഗോപാലകൃഷ്‌ണനാണ് എഡിറ്റോറിയൽ കൺസൾട്ടന്റ്. 64 പേജുള്ള പുസ്‌തകം 120രൂപയ്ക്ക് കേരളത്തിലെ എല്ലാ പുസ്‌തകശാലകളിലും ലഭ്യമാവും. പൈകോ തന്നെയാണ് പ്രസാധകർ. ദ്വൈമാസികയായോ ത്രൈമാസികയായോ കപീഷ് തുടർന്നും പ്രസിദ്ധീകരിക്കുമെന്ന് പൈകോ പ്രതിനിധി അജയ് വി പൈ പറഞ്ഞു. 8848239587 എന്ന നമ്പറിൽ വിളിച്ചാൽ പുസ്‌തകം തപാലിൽ ലഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here