വഴിയോരങ്ങളിലെ അനധികൃത പരസ്യ ബോഡുകൾ നീക്കം ചെയ്തു തുടങ്ങി
വളാഞ്ചേരി:വഴിയോരത്തെ അനധികൃതപരസ്യങ്ങളും ബാനറുകളും കൊടികളും ഫ്ളക്സും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ ബോഡുകൾ നീക്കം ചെയ്തു തുടങ്ങി. പാതയോരങ്ങളിലെ ബോഡുകൾ അഴിച്ചെടുത്തും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയുമാണ് പഞ്ചായത്ത് അധികൃതരുടെ നടപടികൾ പുരോഗമിക്കുന്നത്.
ദേശീയപാത വെട്ടിച്ചിറ മുതൽ പുത്തനത്താണി വരെയുള്ള ഭാഗങ്ങളിലെ പരസ്യബോഡുകൾ ആതവനാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വൈകീട്ടോടെ നീക്കം ചെയ്ത് തുടങ്ങി.
അനധികൃതപരസ്യ ബോർഡുകളും ഫ്ലക്സുമെല്ലാം മുപ്പതിനകം നീക്കം ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയും ഫീൽഡ് ജീവനക്കാരും ഉത്തരവാദികളാകും എന്നും ഉത്തരവിൽ പറയുന്നു. സമയപരിധി കഴിഞ്ഞും നീക്കാത്ത ഫ്ളക്സും ബോർഡുകളുമുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താം എന്നും ഉത്തരവിലുണ്ട്.
വളാഞ്ചേരി നഗരസഭ പരിധിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംഘടനകൾ സ്ഥാപനങ്ങൾ എന്നിവർ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഫ്‌ളക്‌സുകൾ, ഹോർഡിംഗുകൾ എന്നിവ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ നീക്കം ചെയ്ത് തുടങ്ങി. റവന്യൂ ഇൻസ്‌പെക്ടർ ടി. ശശീധരൻ, ജെ.എച്ച്.ഐ ദീപേഷ് , കണ്ടീജന്റ് ജീവനക്കാരായ സെലിൻ, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. അതേസമയം സ്ഥാപിച്ചവർ തന്നെ ഫ്ളക്സ് ബോഡുകൾ തങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here