കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന മാലിന്യസംസ്‌കരണശാലയ്ക്കെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ
കുറ്റിപ്പുറം : കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്സ് മാലിന്യ സംസ്‌കരണപ്ലാന്റിനെതിരേ സമരം പ്രഖ്യാപിച്ച് പരിസരവാസികൾ രംഗത്ത്. കുറ്റിപ്പുറത്തെ മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് പരിസരവാസികൾ സമരരംഗത്തിറങ്ങുന്നത്.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കീഴിൽ ആരംഭിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് പ്ലാന്റിനുള്ള മൂന്നേക്കർ സ്ഥലം ചുറ്റുമതിൽകെട്ടി വേർതിരിച്ചുകഴിഞ്ഞു. രണ്ടേക്കറിൽ ഇലക്‌ട്രോണിക്സ് മാലിന്യവും ഒരേക്കറിൽ പ്ലാസ്റ്റിക് മാലിന്യവും സംസ്‌കരിക്കാനുള്ള സംവിധാനമാണിവിടെ വിഭാവനംചെയ്തിരിക്കുന്നത്. ദിവസേന അഞ്ചുടൺ മാലിന്യംവരെ തരംതിരിച്ച് സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റാണ് നിർമിക്കുന്നത്. കോസ്റ്റ്ഫോർഡിനാണ് നിർമാണച്ചുമതല. 2.19 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നെതാണെങ്കിലും പ്ളാന്റ് നിർമാണം നടന്നിരുന്നില്ല. നിർമാണം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെയാണ് പരിസരവാസികൾ സമരരംഗത്തേക്കിറങ്ങുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ബോധവത്കരണ നോട്ടീസ് വിതരണം നടക്കും. രണ്ടാംഘട്ടത്തിൽ ചെല്ലൂർ, കഴുത്തല്ലൂർ, കൊളക്കാട് എന്നീ മൂന്നു മേഖലകളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.
യോഗം ബ്ളോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷിലീജ് അധ്യക്ഷതവഹിച്ചു. സിദ്ദീഖ് പരപ്പാര, സഹീർ, പൂക്കോയ തങ്ങൾ, പി.വി. ഷാജി, റമീന, നസീറ, ഹമീദ്, പി.കെ. കരിം, അബ്ദുറഹിമാൻ, ടി.പി. ഷംസു, ഷമീർ തടത്തിൽ, കെ. മുത്തു, വകയിൽ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here