ദുരിതാശ്വാസ നിധിക്കേസ്: ലോകായുക്ത വിധി ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത ഇന്ന് വിധി പറയും. ഇന്ന് വിധി പറയേണ്ട കേസുകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തി. വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാത്തത് ചൂണ്ടിക്കാട്ടി ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതി നിർദ്ദേശപ്രകാരം വീണ്ടും ലോകായുക്തയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി വേഗത്തിലായത്.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ. കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യയ്ക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്.
ഈ കേസിലെ വാദത്തിനിടെ, ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കിയിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിനാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത ഒരുവർഷമായി മാറ്റിവച്ചിരിക്കുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here