പഴയ ഉത്തരവ് റദ്ദാക്കി; എൽ.പി, യു.പി അദ്ധ്യാപകർ മലയാളം പഠിച്ചിരിക്കണം
തിരുവനന്തപുരം: എൽ.പി, യു.പി ക്ളാസുകളിൽ അദ്ധ്യാപകരാകാൻ മലയാളം നിർബന്ധമായും പഠിച്ചിരിക്കണം. 2018 മേയിൽ മലയാളം പഠിച്ചിരിക്കണമെന്ന നിയമം ഭദേഗതി ചെയ്ത് ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. ഇതോടെ ഇനി ഒന്നു മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിപ്പിക്കണമെങ്കിൽ നിശ്ചിത യോഗ്യതയ്ക്കൊപ്പം മലയാളം ഒരു വിഷയമായി പഠിച്ചവരാകണം എന്ന നിയമം വീണ്ടും പ്രാബല്യത്തിലായി. നിയമ ഭേൈഗതിക്കെതിരെ 2018ൽ തന്നെ പ്രതിഷേധം ശക്തമായെങ്കിലും ഉത്തരവ് പുനഃപരിശോധിക്കാൻ വകുപ്പ് തയാറായിരുന്നില്ല. ഐക്യമലയാള പ്രസ്ഥാനം കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കുന്നവർക്ക് മലയാളം അറിയണമെന്ന നിബന്ധന വേണമെന്ന ആവശ്യമുയർത്തി. ഇതുമായി ബന്ധപ്പെട്ട് 2018 നവംബർ 23നു തന്നെ ഭീമഹർജിയും നൽകിയിരുന്നു.
ഇതിനെ തുടർന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടറും ഔദ്യോഗികഭാഷാ ഉന്നതതല സമിതിയും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമം തിരികെ കൊണ്ടുവരാൻ വകുപ്പ് തീരുമാനിച്ചത്. ഇവരുടെ അഞ്ചു വർഷം നീണ്ട പോരാട്ടത്തിനാണ് ഇതോടെ ഫലം ലഭിച്ചിരിക്കുന്നത്.
മലയാളം ഒരു വിഷയമായി ഹയർസെക്കൻഡറി തലം വരെയെങ്കിലും പഠിച്ചവരെ മാത്രം എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിലേക്ക് നിയമിക്കുന്നതാണ് ഉചിതമെന്നാണ് ഉത്തരവ് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ട സമിതി നൽകുന്ന മറുപടി. 2018നും 2023നുമിടയിൽ ഉത്തരവിന്റെ ആനുകൂല്യത്തിൽ പ്രവേശനം നേടിയവർക്ക് മലയാളം പ്രാവീണ്യം തെളിയിക്കുന്നതിനായി ഒരു യോഗ്യതാ പരീക്ഷ നിശ്ചയിക്കാനും പരീക്ഷ കർശനമായി വിജയിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. യോഗ്യതാ പരീക്ഷ നടത്തുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിക്കാനുള്ള ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here