HomeNewsFeaturedമകരം വരവായി; നാടെങ്ങും ഇനി പൂരക്കാലം

മകരം വരവായി; നാടെങ്ങും ഇനി പൂരക്കാലം

vela

മകരം വരവായി; നാടെങ്ങും ഇനി പൂരക്കാലം

വളാഞ്ചേരി: ഉത്തരായണപ്പിറവിക്ക് ഇന്നു തുടക്കം. വെട്ടത്തുനാട്ടിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ വരുംദിവസങ്ങളിലെ കൊടി ആഴ്ചകളിൽ വേലയ്ക്കും താലപ്പൊലിക്കും വേദിയാകും. കൊയ്തൊഴിഞ്ഞ വയലുകളിലും വരണ്ടുണങ്ങിയ പറമ്പുകളിലും ഉത്സവത്തിന്റെ വരവറിയിച്ച് പൂതനും തിറയും കോമരങ്ങളും ഊരുചുറ്റും. നാളെ മകരച്ചൊവ്വയായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളുമുണ്ട്.

വരവുകമ്മിറ്റികളും സജീവമായി. വെണ്ടല്ലൂർ പറമ്പത്ത്കാവിലും പള്ളിപ്പുറം കൊടിക്കുന്നത്തും ചെല്ലൂർ പറക്കുന്നത്തും പകരനെല്ലൂർ മുത്തപ്പൻ കോട്ടയിലും കൊളത്തോൾ കളപ്പറമ്പിലും നടുവട്ടം മണ്ഡകപ്പറമ്പിലും എടയൂർ മയങ്ങനാലുക്കലും വൈരങ്കോട്ടും മകരച്ചൊവ്വയ്ക്കു വിശേഷാൽ പൂജകളുണ്ട്. പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ഭഗവതിക്കുള്ള കളംപാട്ട് നാളെ കൂറയിടും. കളമെഴുത്തിനു സമാപനം കുറിച്ച് നാട്ടുതാലപ്പൊലിയും നടക്കും.

ചെല്ലൂർ പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ നാളെ പൊങ്കാലയുണ്ട്. ഫെബ്രുവരി എട്ടിനും ഒൻപതിനുമാണ് ക്ഷേത്രത്തിലെ വേല ആഘോഷം. പകരനെല്ലൂർ മുത്തപ്പൻകോട്ട ഭഗവതിക്ഷേത്രത്തിൽ 23ന് ആണ് താലപ്പൊലി. അന്നദാനം, വേലവരവുകൾ, എഴുന്നള്ളിപ്പ്, മുത്തപ്പനാട്ട് എന്നിവ വിശേഷാൽ പരിപാടികളാണ്. നടുവട്ടം മണ്ഡകപ്പറമ്പ് ഭഗവതിക്ഷേത്രത്തിൽ വേല ആഘോഷം 28നു തുടങ്ങി 30നു താലപ്പൊലിയോടെ സമാപിക്കും. 29നു രാത്രി സംഗീതവിരുന്നുണ്ടാകും.

വെണ്ടല്ലൂർ പറമ്പത്ത്കാവ്, ഇരിമ്പിളിയം കൊടുമുടിക്കാവ്, എടയൂർ മയങ്ങനാലുക്കൽ, കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രങ്ങളിലും വേല ആഘോഷത്തിന് ഒരുക്കം തുടങ്ങി. പൂരക്കാലത്തിന്റെ ഭാഗമായി വേലവരവുകൾക്കു പൊലിമ പകരാൻ വാദ്യസംഘങ്ങളും നാടൻവേഷക്കാരും സജീവമായി. മുൻവർഷങ്ങളിലേതു പോലെ ശിങ്കാരിമേളത്തിനാണ് ഇത്തവണയും ഡിമാൻഡ്. ചെണ്ടമേളക്കാർക്കും തിരക്കേറി. പഞ്ചവാദ്യസംഘങ്ങൾക്കും നാഗസ്വരമേളക്കാർക്കും ബുക്കിങ് പൂർണമാണ്. നാടൻവേഷക്കാരും തിരക്കിലാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!