ചപ്പാത്തി ഫ്രീ നൽകിയില്ലെന്നാരോപിച്ച് മലപ്പുറത്തുകാരന് ക്രൂര മർദ്ദനം
ബാലരാമപുരം: ചപ്പാത്തി കമ്പനിയിൽ ഓർഡർ നൽകിയ ചപ്പാത്തിയോടൊപ്പം സ്ഥിരമായി നൽകാറുള്ള സൗജന്യ ചപ്പാത്തി നൽകാത്തതിന് പിതാവും മകനും ചേർന്ന് ചപ്പാത്തി കട ജീവനക്കാരനെ തല്ലിച്ചതച്ചെന്നു കേസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയിൽ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ഹോട്ടൽ നടത്തുന്ന റഊഫ്, മകൻ റാഷിദ് എന്നിവർക്കെതിരെയാണ് പരാതി.
മലപ്പുറം സ്വദേശിയായ മുനീറിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. മുനീറിന് തലയ്ക്ക് മൂന്ന് തുന്നലുണ്ട്. അതേസമയം ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്താണ് ബാലരാമപുരം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. റഊഫ് സമീപത്ത് നടത്തുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് ഈ കടയിൽ നിന്നാണ് സ്ഥിരമായി ചപ്പാത്തി വാങ്ങിയിരുന്നത്. ഹർത്താൽ ദിവസമായ 11 ന് മറ്റ് കടകൾ തുറക്കാത്തതിനാൽ ചപ്പാത്തിക്ക് ഓർഡർ കൂടുതലായിരുന്നു. അതിനാൽ അന്ന് റഊഫ് ഓർഡർ നൽകിയ 80 ചപ്പാത്തിയോടൊപ്പം മൂന്നെണ്ണം മാത്രമാണ് അധികം നൽകിയത്.
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു. മൂന്നുദിവസം മുമ്പുമാത്രം ജോലിക്ക് കയറിയ മുനീർ കൂടുതൽ ചപ്പാത്തി സൗജന്യമായി നൽകണമെങ്കിൽ ഉടമസ്ഥൻ പറയണമെന്ന് അറിയിച്ചു. ഇതോടെ പൊതിഞ്ഞുവച്ച ചപ്പാത്തി എടുക്കാതെ മടങ്ങിയ റഊഫ് മകനുമായെത്തി മുനീറിനെ കടയ്ക്കുള്ളിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം വിവാദമായതോടെ പരാതി ഒതുക്കിത്തീർക്കാൻ പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുനീർ വീട്ടുകാർ ഇനി ജോലിക്ക് നിൽക്കണ്ടെന്ന് അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.
Watch Video:
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here