അർജുനന്റെ മോചനത്തിന് സ്വരൂപിച്ച 25 ലക്ഷം കൈമാറി
മലപ്പുറം: കുവൈത്തിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന തമിഴ്നാട് സ്വദേശി അർജുനൻ അത്തിമുത്തുവിന്റെ മോചനത്തിനായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച 25 ലക്ഷം രൂപ കൈമാറി. സുമനസ്സുകൾ കരുണയുടെ കരങ്ങൾ നീട്ടിയപ്പോൾ രണ്ടു കുടുംബങ്ങൾ ആശ്വാസത്തിന്റെ തുരുത്തിലേക്ക്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർജുനന്റെ ഭാര്യ മാലതിക്കു തുക കൈമാറി. കൊല്ലപ്പെട്ടയാളുടെ കുടുംബം നഷ്ടപരിഹാരത്തുക ഇന്ന് ഏറ്റുവാങ്ങും.
2013 സെപ്റ്റംബർ 21നു മലപ്പുറം കരിഞ്ചാപ്പാടി സ്വദേശി അബ്ദുൽ വാജിദിനെ കൊലപ്പെടുത്തിയ കേസിലാണു തഞ്ചാവൂർ സ്വദേശി അർജുനനു വധശിക്ഷ വിധിച്ചത്. കുവൈത്തിലെ ഒരു സ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു. കുവൈത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ വീട്ടുകാർ മാപ്പു നൽകിയാൽ വധശിക്ഷ ഒഴിവാകും. എന്നാൽ, കൊല്ലപ്പെട്ടയാളുടെ വീട്ടുകാർ നഷ്ടപരിഹാരമായി (ബ്ലഡ്മണി) 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പക്ഷേ, മാലതിക്കും കുടുംബത്തിനും അഞ്ചു ലക്ഷം രൂപ ഉണ്ടാക്കാനേ കഴിഞ്ഞുള്ളൂ.
മലപ്പുറത്തെ ദൃശ്യ, പത്ര മാധ്യമങ്ങൾ സംഭവം വാർത്തയാക്കുകയും അർജുനന്റെ കുടുംബത്തിന്റെ സഹായത്തിനെത്തുകയും ചെയ്തു. അവർ വഴി മാലതിയും പിതാവ് അണ്ണാദുരൈ രാജുവും കഴിഞ്ഞയാഴ്ച പാണക്കാട്ടെത്തി സഹായംതേടി. മുനവ്വറുടെ വിളിയിൽ ഒട്ടേറെപ്പേർ സഹായത്തിനെത്തി. പാണക്കാട്ടെ സഹറാൻ ഗ്രൂപ്പ്, ബെംഗളൂരുവിലെ എൻഎ ഹാരിസ് ഫൗണ്ടേഷൻ, ഗൾഫിലെ എഎംപി ഫൗണ്ടേഷൻ, സ്റ്റെർലിങ് ഇന്റർനാഷനൽ കുവൈത്ത്, സാലിം മണി എക്സ്ചേഞ്ച് എന്നിവരുടെ സഹായം ലഭിച്ചു.
കൊല്ലപ്പെട്ടയാളുടെ ഭാര്യയും 13 വയസ്സുകാരിയായ മകളും വാടകവീട്ടിലാണ് താമസം. നിത്യച്ചെലവിനു പോലും വകയില്ലാത്ത അവസ്ഥയിലാണ് അവർ. നഷ്ടപരിഹാരത്തുക അവർക്കു തുണയാകും. അവർ മാപ്പു നൽകുന്നതോടെ മാലതിക്കും മകൾ 14 വയസ്സുകാരി പൂജയ്ക്കും കുടുംബനാഥനെ ലഭിക്കും. തുക കൈമാറ്റച്ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാൾ, എസ്.മഹേഷ്കുമാർ, സി.വി.മുഹമ്മദ് നൗഫൽ, സഹറാൻ ഗ്രൂപ്പ് പ്രതിനിധികളായ പട്ടർകടവൻ കുഞ്ഞാൻ, പട്ടർകടവൻ റഹീം എന്നിവർ പ്രസംഗിച്ചു.
ഇനി എന്ത്?
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഇന്ന് പാണക്കാട്ടുവച്ച് 30 ലക്ഷം രൂപ നൽകാനാണു തീരുമാനം. മാപ്പ് നൽകിയതായുള്ള രേഖ അവരിൽനിന്നു കൈപ്പറ്റും. ആ രേഖ ഇന്ത്യൻ എംബസി വഴി കോടതിയിലെത്തിക്കാനാണു തീരുമാനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here