മമ്പുറം ആണ്ടുനേർച്ച കൊടിയേറി
തിരൂരങ്ങാടി : മമ്പുറം ഖുഥുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടിയേറി. വൈകുന്നേരം നടന്ന ചടങ്ങിൽ മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ കൊടിയേറ്റം നടത്തി. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സി.എച്ച്. ത്വയ്യിബ് ഫൈസി, പി. ഇസ്ഹാഖ് ബാഖവി, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി, വി.പി. കോയക്കുട്ടി തങ്ങൾ, സി. യൂസുഫ് ഫൈസി, ഇബ്രാഹീം ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂർ, സി.കെ. മുഹമ്മദ് ഹാജി, കെ.പി. ശംസുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ നേർച്ച നടക്കുന്നത്. ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. ബുധനാഴ്ച രാത്രി നടക്കുന്ന മതപ്രഭാഷണം സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ച 17-ന് സമാപിക്കും. സമാപനദിവസം ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മൗലീദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here